കോഴഞ്ചേരി : ഈ വർഷത്തെ ആറന്മുള വള്ളസദ്യ ജൂലായ് 13 മുതൽ ഒക്ടോബർ 2 വരെ നടക്കും. വള്ളസദ്യകളുടെ ബുക്കിംഗ് മുന്നൂറ് കടന്നു. ഈ വർഷം ദിവസേന പതിനഞ്ചു വള്ളസദ്യകൾ വരെ നടത്തുവാനുള്ള ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ട്. ഹൈക്കോടതി നിർദേശപ്രകാരം രൂപീകരിക്കുന്ന വള്ളസദ്യ നിർവഹണ സമിതിയുടെ മേൽനോട്ടത്തിൽ സദ്യകൾ നടത്തുക. ദേവസ്വം ബോർഡിന്റെയും പള്ളിയോട സേവാസംഘത്തിന്റെയും ഭാരവാഹികൾക്ക് പുറമെ ഭക്തജന പ്രതിനിധിയും അടങ്ങുന്ന നിർവഹണ സമിതി യുടെ മേൽനോട്ടത്തിൽ വള്ളസദ്യക്കുള്ള ക്രമീകരണങ്ങൾ പുരോഗമിക്കുന്നു.
വള്ളസദ്യ വഴിപാട് നടത്തുന്നവർക്കും ക്ഷണിക്കപ്പെടുന്നവർക്കും വള്ളസദ്യകളുടെ ചടങ്ങുകൾ പൂർണമായി കാണുന്നതിനും മുഴുവൻ വിഭവങ്ങളും ആസ്വദിക്കുന്നതിനും പ്രത്യേക സൗകര്യങ്ങൾ ഒരുക്കുന്നതാണ്. 500 വള്ളസദ്യകൾ നടുത്തുന്നതിന് ആണ് ഈ വർഷം ലക്ഷ്യമിട്ടിട്ടുള്ളത്. വള്ളസദ്യകളുടെയും അഷ്ടമിരോഹിണി വള്ളസദ്യയുടെയും മുന്നൊരുക്കങ്ങൾ ചെയ്യുന്നതിന് പള്ളിയോട സേവാസംഘം പ്രസിഡന്റ് സാംബാദേവൻ കെ.വി, വൈസ് പ്രസിഡന്റ് കെ.എസ്.സുരേഷ് , സെക്രട്ടറി പ്രസാദ് ആനന്ദഭവൻ, ജോയിന്റ് സെക്രട്ടറി അജയ് ഗോപിനാഥ്, ട്രഷറർ രമേഷ് മാലിമേൽ എന്നിവർ നേതൃത്വം നല്കുന്നു.