ആറന്മുള : ആറന്മുളയില്‍ വോട്ട് രേഖപ്പെടുത്താനെത്തിയ വൃദ്ധന്‍ കുഴഞ്ഞുവീണു മരിച്ചു. ഗോപിനാഥ കുറുപ്പ്(65) ആണ് മരിച്ചത്. രാവിലെ മുതല്‍ സംസ്ഥാനത്ത് കനത്ത പോളിംഗാണ് രേഖപ്പെടുത്തുന്നത്. പോളിംഗ് തുടങ്ങി ആദ്യമൂന്ന് മണിക്കൂര്‍ അടുക്കുമ്പോള്‍ തന്നെ 17.2 ശതമാനം പേര്‍ വോട്ടവകാശം വിനിയോഗിച്ചതായാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കുന്ന വിവരങ്ങളില്‍ നിന്നും ലഭ്യമാകുന്നത്. പാലക്കാട്, കൊല്ലം ജില്ലകളിലാണ് കൂടുതല്‍ പോളിംഗ് രേഖപ്പെടുത്തിയിട്ടുള്ളത്.
അതേസമയം വിവിധ സ്ഥലങ്ങളില്‍ വോട്ടിംഗ് യന്ത്രങ്ങള്‍ തകരാറിലായതായും റിപ്പോര്‍ട്ടുകളുണ്ട്. സംസ്ഥാനത്ത് കൊവിഡ് വ്യാപനം ശക്തമാകും എന്ന മുന്നറിയിപ്പുള്ളതിനാല്‍ കൊവിഡ് പ്രോട്ടോക്കോള്‍ കൃത്യമായി പാലിച്ചാണ് വോട്ടെടുപ്പ് പുരോഗമിക്കുന്നത്. പ്രമുഖ നേതാക്കളും, സ്ഥാനാര്‍ത്ഥികളും വിവിധ ഇടങ്ങളിലായി രാവിലെ എത്തി വോട്ട് രേഖപ്പെടുത്തി. കോവിഡ് പശ്ചാത്തലത്തില്‍ ഇക്കുറി ബൂത്തുകളുടെ എണ്ണവും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. 40,771 ബൂത്തുകളിലും ഏജന്റുമാരുടെ സാന്നിദ്ധ്യത്തില്‍ മോക് പോളിംഗ് നടത്തിയ ശേഷമാണ് വോട്ടെടുപ്പ് ആരംഭിച്ചത്. മലപ്പുറം ലോക്സഭാ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പും ഇതോടൊപ്പം നടക്കുന്നുണ്ട്. 957 സ്ഥാനാര്‍ഥികളാണ് നിയമസഭയിലേക്ക് മത്സരിക്കുന്നത്. വൈകുന്നേരം ഏഴു മണിവരെയാണ് പോളിംഗ് നടക്കുക.