കോന്നി : അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തിൽ എത്തുന്ന വിനോദ സഞ്ചാരികൾക്കും മറ്റു യാത്രക്കാർക്കും രുചികരമായ ഭക്ഷണം വിളമ്പുന്ന തണ്ണിത്തോട് റോഡിൽ പേരുവാലിയിൽ പ്രവർത്തിക്കുന്ന ആരണ്യകം ലഘു ഭക്ഷണ ശാലയോടെ അധികൃതർക്ക് എന്നും അവഗണന മാത്രമാണുള്ളത്. വർഷങ്ങളായി എലിമുള്ളുംപ്ലാക്കൽ വന സംരക്ഷണ സമിതിയുടെ കീഴിൽ പ്രവർത്തിച്ചിരുന്ന സ്ഥാപനം ഫോറെസ്റ്റ് ഡവലപ്മെന്റ് അതോറിറ്റി ഏറ്റെടുത്ത് പ്രവർത്തനം ആരംഭിച്ചിട്ടും ഭക്ഷണ ശാലയുടെ ഭൗതിക സാഹചര്യത്തിൽ മാറ്റമുണ്ടായില്ല. വി എസ് എസ് ന്റെ കീഴിൽ പ്രവർത്തിക്കുമ്പോഴും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. ദിവസവും നിരവധി ആളുകൾ ആണ് ഇവിടെ എത്തി ഭക്ഷണം കഴിച്ച് മടങ്ങുന്നത്. വന ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഭക്ഷണശാലക്ക് നേരെ നിരവധി തവണയാണ് കാട്ടാന കൂട്ടത്തിന്റെ ആക്രമണം ഉണ്ടായത്. ഈ ആക്രമണങ്ങളിൽ ഇതിന്റെ മേൽക്കൂരയും സാധന സാമഗ്രികളും നശിപ്പിക്കപെട്ടു. ഈറ്റ ഇലകൾ കൊണ്ട് നിർമ്മിച്ച മേൽക്കൂരയായിരുന്നു ഭക്ഷണശാലയുടേത്.
ആന കൂട്ടത്തിന്റെ ആക്രമണത്തിൽ ഇത് നശിച്ച ശേഷം മേൽക്കൂര മേയാതെ ടാർപ്പോളിൻ ഷീറ്റ് വലിച്ച് കെട്ടിയാണ് നിലവിൽ പ്രവർത്തിക്കുന്നത്. മഴക്കാലമായതോടെ മേൽകൂര ചോരുന്നുമുണ്ട്. കാട്ടാനയുടെ ആക്രമണം തടയുവാൻ ഭക്ഷണശാലക്ക് ചുറ്റും കയർ കെട്ടിവെക്കുവാൻ മാത്രമാണ് ബന്ധപ്പെട്ടവർക്ക് കഴിഞ്ഞത്. സീസൺ സമയങ്ങളിൽ മികച്ച വരുമാനമാണ് ഇവിടെ നിന്നും വനം വകുപ്പിന് ലഭിക്കുന്നത്. നാടന്‍ ഭക്ഷണങ്ങളായ കപ്പ, മീന്‍കറി, ഇറച്ചി, ഊണ്, പരിപ്പവട, ഉള്ളിവട, സമൂസ, ഉഴുന്നുവട, സമൂസ, കുമ്പിളപ്പം, ഓട്ടട, ഇലയട, നാരങ്ങാവെള്ളം, ചായ, ബ്രൂകോഫി തുടങ്ങി നിരവധി വിഭവങ്ങളാണ് ഇവിടെ സഞ്ചാരികളെ കാത്തിരിക്കുന്നത്. ഇലയടയും ഓട്ടടയുമൊക്കെയാണ് ഇവിടുത്തെ പ്രത്യേക വിഭവങ്ങള്‍. വന സൗന്ദര്യം ആസ്വദിച്ച് ഭക്ഷണം കഴിക്കാം എന്നതും ഇവിടുത്തെ പ്രത്യേകതയാണ്. വനം വകുപ്പിന് മികച്ച വരുമാനം ലഭിക്കുന്ന ഈ സ്ഥാപനത്തിന്റെ ഭൗതിക സാഹചര്യങ്ങൾ മെച്ചപെടുത്താൻ ബന്ധപെട്ടവർ ഇനിയെങ്കിലും നടപടി സ്വീകരിക്കേണ്ടത് ആവശ്യമാണ്.