പത്തനംതിട്ട: കിഴക്കൻ മേഖലയിലെ കനത്ത മഴ കാരണം പത്തനംതിട്ടയിലെ നദികളിലെ ജലനിരപ്പുയരുന്നു. പമ്പ, അച്ചൻകോവിൽ, കക്കാട് ആറുകളിലെ ജലനിരപ്പ് ഉയരുകയാണ്. പമ്പയിൽ അപകടനിലയ്ക്ക് മുകളിലാണ് ജലനിരപ്പ്. അച്ചൻകോവിലാറിൽ നിന്ന് കോന്നി കല്ലേലി ഭാഗത്ത് വെള്ളം കയറുന്നുണ്ട്. കക്കാട്ടാറിലെ വെള്ളവും പമ്പയിലേക്കാണ് എത്തുന്നത്. മണിമല, പമ്പ, അച്ചൻ കോവിലാറിന്റെ തീരത്തുള്ളവർ മാറിത്താമസിക്കണമെന്ന് കലക്ടർ നിർദേശിച്ചു. കോന്നി അരുവാപ്പുലത്ത് ഒരു അംഗൻവാടിയുടെ മേൽക്കൂര തകർന്നു വീണു. അവധിയായതിനാൽ ആരും ഉണ്ടായിരുന്നില്ല. മൂഴിയാർ – ഗവി റുട്ടിൽ അരണമുടിയ്ക്കു സമീപം റോഡിൽ മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു.
റാന്നി വലിയ കാവ് റോഡിൽ വെളളം കയറി. അരയാഞ്ഞിലിമൺ കോസ് വേയും, മുക്കം കോസ് വേയും മുങ്ങി. ഉരുൾപൊട്ടൽ ഭീതിയുള്ള പത്തനംതിട്ട സീതത്തോട് മുണ്ടൻ പാറയിൽ നിന്ന് നാല് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. 2018 ൽ ഉരുൾ പൊട്ടലുണ്ടായ സമയത്തെപ്പോലെ ഭൂമി വിണ്ടുകീറിയിരിക്കുകയാണ്. സ്ഥലത്ത് റവന്യൂ , ജിയോളജി വകുപ്പുകൾ പരിശോധന നടത്തും.