റാന്നി : അരയാഞ്ഞിലിമൺ പാലത്തിൻ്റെ നിർമ്മാണ കുരുക്കുകൾ അഴിഞ്ഞു. പാലത്തിൻ്റെ നിർമ്മാണത്തിന് സർക്കാർ അംഗീകൃത പിഎംസികളിൽ നിന്നും ടെൻഡർ ക്ഷണിക്കുമെന്ന് പട്ടികജാതി -പട്ടികവർഗ്ഗ വകുപ്പ് മന്ത്രി ഒ ആർ കേളു നിയമസഭയിൽ അഡ്വ. പ്രമോദ് നാരായൺ എംഎൽഎയ്ക്ക് മറുപടി നൽകിയതോടെയാണ് പ്രതിസന്ധിക്ക് വിരാമം ആയത്. അരയാഞ്ഞിലിമണ്ണിൽ ചെറിയ വാഹനങ്ങൾക്ക് കൂടി കടന്നു പോകത്തക്ക വിധമുള്ള ഇരുമ്പ് പാലം നിർമ്മാണത്തിനായി 2.69 കോടി രൂപയാണ് പട്ടികജാതി പട്ടികവർഗ്ഗ വകുപ്പ് അനുവദിച്ചിരിക്കുന്നത്. അരയാഞ്ഞിലിമൺ പാലത്തിൻ്റെ നിർമ്മാണം പൊതുമരാമത്ത് വകുപ്പ് ചെയ്യണമെന്ന് പട്ടികവർഗ്ഗ വികസന വകുപ്പ് നിഷ്കർഷിച്ചിരുന്നു.
ഇതിൻ്റെ അടിസ്ഥാനത്തിൽ പൊതുമരാമത്ത് വകുപ്പ് അധികൃതർ സ്ഥലം സന്ദർശിച്ചിരുന്നു. എന്നാൽ ഇരുമ്പും കോൺക്രീറ്റും ഉപയോഗിച്ചുള്ള നിലവിലെ രൂപരേഖയിലുള്ള പാലത്തിൻ്റെ നിർമ്മാണം തങ്ങൾക്ക് അപ്രാപ്യമാണെന്ന് പൊതുമരാമത്ത് വകുപ്പ് ചീഫ് എൻജിനീയർ രേഖാമൂലം അറിയിപ്പ് നൽകി. കുരുമ്പൻമൂഴിയിൽ പാലം നിർമ്മിക്കുന്ന മാതൃകയിൽ ടെൻഡർ നടത്തി പിഎംസി മുഖേന പാലം നിർമ്മിക്കണമെന്ന് എംഎൽഎ അഭ്യർത്ഥിച്ചു. എന്നാൽ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നതോടെ തുടർനടപടികൾ വൈകി. അടുത്ത വർക്കിംഗ് ഗ്രൂപ്പിൽ ഇത് വെച്ച് അനുമതി നൽകാൻ നടപടി സ്വീകരിക്കാമെന്ന് മന്ത്രി ഉറപ്പ് നൽകിയിരുന്നു. ഇക്കാര്യം എംഎൽഎ നിയമസഭയിൽ അവതരിച്ചപ്പോഴാണ് മന്ത്രി മറുപടിയായി പിഎംസി മുഖേന ടെൻഡർ ക്ഷണിച്ച് പാലത്തിന്റെ നിർമാണം ഉടൻ ആരംഭിക്കും എന്ന് ഉറപ്പു നൽകിയത്.