തിരുവനന്തപുരം : വിഴിഞ്ഞത്ത് അര്‍ച്ചനയുടെ ആത്മഹത്യയില്‍ ഭര്‍ത്താവ് സുരേഷ് അറസ്റ്റില്‍. ഗാര്‍ഹിക പീഡനം, ആത്മഹത്യാ പ്രേരണ എന്നിവ ചുമത്തിയാണ് അറസ്റ്റ്. ജില്ലാ ക്രൈം ബ്രാഞ്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സുരേഷിന്റെ നിരന്തരമായ പീഡനത്തെ തുടര്‍ന്നാണ് അര്‍ച്ചന ആത്മഹത്യ ചെയ്തതെന്ന് മാതാപിതാക്കള്‍ ആരോപിച്ചിരുന്നു. നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് മൂന്ന് ദിവസം മുമ്പ് സുരേഷിനെ വിഴിഞ്ഞം പോലീസ് കസ്റ്റഡിയിലെടുത്തെങ്കിലും വിട്ടയച്ചിരുന്നു. അന്വേഷണം ലോക്കല്‍ പോലീസില്‍ നിന്നും ജില്ലാ ക്രൈംബ്രാഞ്ചിലേക്ക് മാറ്റിയതിന് പിന്നാലെയാണ് അറസ്റ്റ്. ഇന്ന് ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്തിയ ശേഷമാണ് അറസ്റ്റ് ചെയ്തത്.
ജൂണ്‍ 22നാണ് അര്‍ച്ചന തിരുവനന്തപുരം വിഴിഞ്ഞം വെങ്ങാനൂരില്‍ തീകൊളുത്തി ആത്മഹത്യ ചെയ്തത്. തുടര്‍ന്ന് ഭര്‍ത്താവ് സുരേഷിനെതിരേ ആരോപണവുമായി അര്‍ച്ചനയുടെ ബന്ധുക്കള്‍ രംഗത്ത് വന്നിരുന്നു. ആദ്യം പോലീസ് അന്വേഷിച്ച കേസ് ക്രൈം ബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു. ക്രൈം ബ്രാഞ്ചാണ് ഇപ്പോള്‍ ഭര്‍ത്താവ് സുരേഷിനെ അറസ്റ്റ് ചെയ്തത്. സുരേഷിന്റെ അറസ്റ്റ് രേഖപ്പെടുത്തി ഇപ്പോള്‍ റിമാന്‍ഡ് ചെയ്യാനുള്ള നടപടികളിലേക്ക് കടന്നിരിക്കുകയാണ്. ഗാര്‍ഹിക പീഡനം നടന്നതിനുള്ള തെളിവുകള്‍ ലഭിച്ച പശ്ചാത്തലത്തിലാണ് അറസ്റ്റിലേക്ക് കാര്യങ്ങള്‍ നീങ്ങിയത്.
വീട്ടില്‍ ഡീസലൊഴിച്ച് തീ കൊളുത്തി പൊള്ളലേറ്റ നിലയിലാണ് കഴിഞ്ഞ ദിവസം അര്‍ച്ചനയെ കണ്ടെത്തിയത്. വീട്ടില്‍വെച്ച് തന്നെ അര്‍ച്ചന മരിച്ചിരുന്നു. തൊട്ടടുത്ത ആശുപത്രിയിലെത്തിച്ച് മരണം സ്ഥിരീകരിക്കുകയായിരുന്നു. മകളുടെ ഭര്‍ത്താവ് സുരേഷ് തലേദിവസം വീട്ടില്‍ ഡീസല്‍ വാങ്ങിക്കൊണ്ട് വന്നതില്‍ ദുരൂഹതയുണ്ടെന്ന് അര്‍ച്ചനയുടെ അച്ഛന്‍ ആരോപിച്ചിരുന്നു. ഉറുമ്പ് ശല്യം ഒഴിവാക്കാനാണ് എന്ന് പറഞ്ഞാണ് സുരേഷ് ഡീസല്‍ വാങ്ങി വെച്ചതെന്നും അര്‍ച്ചനയുടെ അച്ഛന്‍ പറയുന്നു.
മകളുടേത് പ്രണയവിവാഹമായിരുന്നു. അര്‍ച്ചനയും ഭര്‍ത്താവ് സുരേഷും തമ്മില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നു. സുരേഷിന്റെ അച്ഛന്‍ തന്നോട് മൂന്നു ലക്ഷം രൂപ ചോദിച്ചിരുന്നു. പലതും മകള്‍ തന്നോടോ വീട്ടുകാരോടോ പറയാതെ ഒളിച്ചുവെക്കുകയായിരുന്നുവെന്നും വീട്ടിലെത്തിയാല്‍ പലപ്പോഴും മകള്‍ കരഞ്ഞു കൊണ്ടിരിക്കുന്നതാണ് കാണാറെന്നും അച്ഛന്‍ പറഞ്ഞിരുന്നു.