പാട്ടുകൾ കേൾക്കാൻ എല്ലാവർക്കും ഇഷ്ടമാണ് അല്ലെ. ഈ ഡിജിറ്റൽ യുഗത്തിൽ ആളുകൾ സംഗീതം ആസ്വദിക്കാനായി വിവധ തരം ഗാഡ്ജറ്റുകളുടെ സഹായമാണ് തേടുന്നത്. ചിലർ നേരിട്ട് മൊബൈൽ നിന്നോ മറ്റ് ഉപകരണങ്ങളിൽ നിന്നോ പാട്ടുകൾ കേൾക്കുമ്പോൾ മറ്റ് ചിലർ ഹെഡ്സെറ്റുകളുടെ സഹായം ആശ്രയിച്ചും മറ്റ് ചിലർ ആകട്ടെ ബ്ലൂടൂത്ത് സ്പീക്കറിന്റെ സഹായത്തോടെയാണ് സംഗീതം ആസ്വദിക്കുക. നമ്മുടെ ജീവിതം എളുപ്പവും ആസ്വാദ്യകരവുമാക്കാൻ നിരവധി ഗാഡ്‌ജെറ്റുകൾ കണ്ടുപിടിച്ചിട്ടുണ്ട്. ഇതിൽ ഇന്ന് പറയാൻ പോകുന്നത് ബ്ലൂടൂത്ത് സ്പീക്കറുകളെക്കുറിച്ചാണ്. ബ്ലൂടൂത്ത് സ്പീക്കറുകൾ വളർന്നു വരുന്ന സാങ്കേതികവിദ്യയുടെ മറ്റൊരു മുഖമാണ്. അത് വയർലെസ് ആയി സംഗീതം ആസ്വദിക്കാൻ നമ്മെ അനുവദിക്കുന്നു. എന്നാൽ ഈ കോംപാക്റ്റ് ഗാഡ്‌ജെറ്റുകൾക്ക് ചുറ്റും മനുഷ്യന്റെ ആരോഗ്യത്തിന് അവയുടെ സുരക്ഷയെക്കുറിച്ച് ഊഹാപോഹങ്ങൾ ഉയർന്നുവന്നിട്ടുണ്ട്. ഇവ എന്തെല്ലാമാണെന്ന് വിശദമായി തന്നെ പരിശോധിക്കാം.
വയറുകളുടെ സ്ഥാനത്ത് റേഡിയോ തരംഗങ്ങൾ ഉപയോഗിച്ചാണ് ബ്ലൂടൂത്ത് സ്പീക്കറുകൾ പ്രവർത്തിക്കുന്നത്. ഈ സ്പീക്കറുകൾ അയോണൈസ് ചെയ്യാത്ത ചില വികിരണങ്ങൾ പുറത്ത് വിടുന്നുണ്ട്. കോശങ്ങൾക്കുള്ളിലെ ഡിഎൻഎയെ നേരിട്ട് കേടുവരുത്താനുള്ള ഊർജ്ജം ഇല്ലാത്തതിനാൽ അത് സുരക്ഷിതമാണെന്നാണ് നമ്മൾ കരുതപ്പെടുന്നത്. അതിനാൽ തന്നെ ബ്ലൂടൂത്ത് സ്പീക്കറുകളിൽ നിന്നുള്ള റേഡിയേഷൻ വളരെ കുറവാണെന്ന് ലോകാരോഗ്യ സംഘടന, നാഷണൽ ക്യാൻസർ ഇൻസ്റ്റിറ്റ്യൂട്ട്, മറ്റ് ആരോഗ്യ വിദഗ്ധർ എന്നിവർ അഭിപ്രായപ്പെടുന്നു. ഫോണുകളിൽ നിന്ന് നേരിട്ട് വരുന്ന റേഡിയേഷനും ഇത്തരത്തിൽ ബ്ലൂടൂത്ത് സ്പീക്കർ വഴി വരുന്ന റേഡിയേഷനും തമ്മിൽ എന്തെല്ലാം വ്യത്യാസം ഉണ്ടെന്ന് പരിശോധിക്കാം. വിവിധ ഫോണുകളുടെ ഗുണനിലവാരം അനുസരിച്ച് ഇതിൽ വ്യത്യാസം ഉണ്ടാകും. എന്നിരുന്നാലും ഒരു ശരാശരി കണക്ക് പരിശോധിക്കാം. 2W വരെ സംപ്രേക്ഷണം ചെയ്യാൻ കഴിയുന്ന മൊബൈൽ ഫോണുകളെ അപേക്ഷിച്ച് ബ്ലൂടൂത്ത് സ്പീക്കറുകൾക്ക് വളരെ കുറഞ്ഞ ട്രാൻസ്മിഷൻ പവർ ഉണ്ട്.
സാധാരണയായി 2.5mW വരെ. ഇതിനർത്ഥം നമ്മൾ ദിവസവും ഉപയോഗിക്കുന്ന മൊബൈൽ ഫോണുകളിൽ നിന്നുള്ള റേഡിയേഷനുമായി താരതമ്യം ചെയ്യുമ്പോൾ ബ്ലൂടൂത്ത് സ്പീക്കറുകളിൽ നിന്നുള്ള റേഡിയേഷൻ വളരെ കുറവാണ് എന്നാണ്. ഇത്തരം ഉപകരണങ്ങൾ ദീർഘനേരം ശരീരത്തോട് ചേർന്ന് വെയ്ക്കുന്നത് ഒഴിവാക്കണം. അല്ലെങ്കിൽ ഉപയോഗത്തിലില്ലാത്തപ്പോൾ അത് ഓഫ് ചെയ്യുക. ബ്ലൂടൂത്ത് വികിരണം ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിച്ചേക്കാമെന്ന് സൂചിപ്പിക്കുന്ന ശക്തമായ ശാസ്ത്രീയ തെളിവുകളൊന്നും ഇല്ലെങ്കിലും നിലനിൽക്കുന്ന സംശയങ്ങളെ ശമിപ്പിക്കാൻ ഈ തത്വം പിന്തുടരുന്നത് മതിയാകും. വലിയ അസുഖങ്ങൾക്ക് കാരണമാകുന്നില്ലെങ്കിലും ചെറിയ തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യത ഉണ്ട്.