സെക്ലോണിക് സര്‍കുലേഷന്‍ (Cyclonic Circulation) എന്നതിന്റെ മലയാളമാണ് ചക്രവാതച്ചുഴി. സൈക്ലോൺ അഥവാ ചക്രവാതം എന്നാൽ ചുഴലിക്കാറ്റ് ആണെങ്കിലും ചക്രവാതച്ചുഴി അത്ര ഭീകരനല്ല. ചുഴലിക്കാറ്റ് രൂപപ്പെടുന്നതിന്റെ ആദ്യപടിയാണ് ചക്രവാതച്ചുഴി. ന്യൂനമർദം രൂപപ്പെടുന്നതിന് മുമ്പുള്ള കാറ്റിന്റെ ശക്തി കുറഞ്ഞ കറക്കത്തെയാണ് ചക്രവാതച്ചുഴിയെന്ന് പറയുന്നത്. അന്തരീക്ഷത്തിലെ മർദ വ്യതിയാനം കാരണം വിവിധ ദിശയിൽ സഞ്ചരിക്കുന്ന കാറ്റ് ചക്രം പോലെ കറങ്ങും. ചക്രവാതച്ചുഴിയിൽ കാറ്റിന്റെ കറക്കം ഘടികാരദിശയിലും എതിർഘടികാരദിശയിലും ഉണ്ടാകും. ഭൂമിയുടെ ദക്ഷിണാർധ ഗോളത്തിൽ ഇത് ഘടികാര ദിശയിലും ഉത്തരാർധത്തിൽ ഇത് എതിർഘടികാാരദിശയിലും ആയിരിക്കും. ഭൂമി കറങ്ങുന്നതുമൂലമുണ്ടാകുന്ന കൊറിയോലിസ് ബലം കാരണമാണ് അർധഗോളങ്ങളിൽ വിപരീത ദിശകളിൽ ചക്രവാതച്ചുഴി രൂപപ്പെടുന്നത്.
ശക്തി കുറഞ്ഞ കാറ്റിന്റെ ഈ കറക്കമാണ് ശക്തി പ്രാപിച്ച് പിന്നീട് ന്യൂനമർദ്ദമായി രൂപപ്പെടുന്നത്. എന്നാൽ എല്ലാ ചക്രവാതച്ചുഴിയും ന്യൂനമർദമാകണമെന്നില്ല. ന്യൂനമർദം ശക്തി കൂടിയാൽ തീവ്രന്യൂനമർദവുമാകും (ഡിപ്രഷൻ). തീവ്ര ന്യൂനമർദം ശക്തിപ്പെട്ട് അതിതീവ്ര ന്യൂനമർദമാകും (ഡീപ് ഡിപ്രഷൻ). ഇത് വീണ്ടും ശക്തിപ്പെട്ടാൽ മാത്രമാണ് ചുഴലിക്കാറ്റ് രൂപപ്പെടുന്നത്. അതുപോലെ എല്ലാ ചക്രവാതച്ചുഴിയും മഴ നൽകണമെന്നില്ല. കാറ്റ് കറങ്ങുന്നതിന്റെ ശക്തി, ചക്രവാതച്ചുഴി രൂപപ്പെടുന്ന മേഖല, വ്യാപ്തി, മേഘം രൂപപ്പെടാനുള്ള സാധ്യത തുടങ്ങിയവയെ അനുസരിച്ചാണ് മഴ പെയ്യാനുള്ള സാധ്യത.