കൊപ്പം : വളര്‍ത്ത് നായയ്ക്ക് തീറ്റകൊടുക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ യുവാവിനെ ബന്ധു കൊലപ്പെടുത്തി. ഹര്‍ഷാദ് (21) ആണ് മര്‍ദനമേറ്റതിനെ തുടര്‍ന്ന് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഹര്‍ഷാദിനൊപ്പമുണ്ടായിരുന്ന ബന്ധുവിനെ അറസ്റ്റ് ചെയ്തു. ഹര്‍ഷാദിന്റെ പിതൃസഹോദരീപുത്രന്‍ മുളയങ്കാവ് പാലപ്പുഴവീട്ടില്‍ ഹക്കീം (27) ആണ് അറസ്റ്റിലായത്.
ബൂട്ടിട്ട കാലുകൊണ്ട് ചവിട്ടേറ്റതിന്റെയും ബെല്‍റ്റുകൊണ്ട് അടിയേറ്റതിന്റെയും പാടുകള്‍ ഹര്‍ഷാദിന്‍റെ ശരീരത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഇവരുടെ വാടകവീട്ടില്‍ വളര്‍ത്തിയിരുന്ന പട്ടിക്ക് തീറ്റകൊടുക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറയുന്നു.സ്വകാര്യ ഇന്റര്‍നെറ്റ് നെറ്റ് വര്‍ക്കിന്‍റെ കേബിള്‍ വലിക്കുന്ന ജോലി ചെയ്തുവരികയായിരുന്നു ഹര്‍ഷാദും ഹക്കീമും.
കൊപ്പം അത്താണിയിലെ വാടക വീട്ടിലാണ് കഴിഞ്ഞ നാലുമാസത്തോളമായി ഇവര്‍ താമസിക്കുന്നത്. ഹര്‍ഷാദിനെ ഹക്കീം നിരന്തരം മര്‍ദിച്ചിരുന്നതായി പോലീസ് പറയുന്നു. വ്യാഴാഴ്ചയും ക്രൂര മര്‍ദനത്തിന് ഹര്‍ഷാദ് ഇരയായി. വെള്ളിയാഴ്ച രാവിലെ അവശനിലയിലായ ഹര്‍ഷാദിനെ ഹക്കീമും ഇയാള്‍ വിളിച്ചു വരുത്തിയ മറ്റുള്ളവരും ചേര്‍ന്നാണ് ഉച്ചയോടെ വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. കെട്ടിടത്തില്‍നിന്ന് വീണെന്ന് പറഞ്ഞാണ് ആശുപത്രിയിലെത്തിച്ചത്.
ആശുപത്രിയില്‍ എത്തിക്കുന്നതിന് നാലുമണിക്കൂര്‍ മുമ്പ് മരിച്ചതായാണ് വിവരം. ഇതറിഞ്ഞതോടെ ഹക്കീം ആശുപത്രിയില്‍നിന്ന് മുങ്ങുകയായിരുന്നു. കൊപ്പം പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തുകയും ഹക്കീമിനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. കൊപ്പം എസ്.ഐ. എം.ബി. രാജേഷിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് ഹക്കീമിനെ കസ്റ്റഡിയിലെടുത്തത്. ശനിയാഴ്ച വൈകീട്ടോടെ അറസ്റ്റ് രേഖപ്പെടുത്തി. പ്രതിയുമായി സംഭവസ്ഥലത്ത് തെളിവെടുപ്പുനടത്തി.
ഹര്‍ഷാദിനേറ്റത് ക്രൂരമര്‍ദനം
കൊപ്പത്ത് മരിച്ച ഹര്‍ഷാദ് അനുഭവിച്ചത് ക്രൂര മര്‍ദനം. ശരീരത്തില്‍ 160-ഓളം മുറിവുകളുണ്ടായിരുന്നു. ബൂട്ട്, ബെല്‍റ്റ് എന്നിവകൊണ്ട് അടിച്ചതിന്റെയും ചവിട്ടിയതിന്റെയും പാടുകള്‍ ശരീരത്തിലുടനീളമുണ്ടായിരുന്നു. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ ആറുമണിക്കൂറോളം പോസ്റ്റ്‌മോര്‍ട്ടം നീണ്ടു. ഹര്‍ഷാദിന്‍റെ വാരിയെല്ലുകള്‍ പൊട്ടിയൊടിഞ്ഞ നിലയിലായിരുന്നു. ആന്തരിക രക്തസ്രാവമടക്കം മരണത്തിന് കാരണമായതായി പോലീസ് പറയുന്നു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ശനിയാഴ്ച വൈകീട്ടോടെ ബന്ധുകള്‍ക്ക് വിട്ടുകൊടുത്തു.