കല്‍പ്പറ്റ: ബിവറേജസിനു മുന്നില്‍ മദ്യലഹരിയില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. പുത്തൂര്‍വയല്‍ സ്വദേശി നിഷാദ് ബാബുവാണ് മരിച്ചത്. ഇയാള്‍ക്ക് കല്ലുകൊണ്ട് തലയ്ക്ക് അടിയേല്‍ക്കുകയായിരുന്നു. സംഭവത്തില്‍ രണ്ടുപേരെ കല്‍പ്പറ്റ പോലീസ് കസ്റ്റഡിയിലെടുത്തു. മരിച്ച നിഷാദ് ബാബുവിന്റെ സുഹൃത്തുക്കളായ ചക്കര ശമീര്‍, കൊട്ടാരം ശരീഫ് എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്. ഇന്ന് ഉച്ചയ്ക്ക് ശേഷം മൂന്നുമണിയോടെയാണ് സംഭവം.
മരിച്ച നിഷാദ് ബാബു സുഹൃത്തുക്കളായ ചക്കര ശമീര്‍, കൊട്ടാരം ശരീഫ് എന്നിവര്‍ക്കൊപ്പമിരുന്നു മദ്യപിച്ചിരുന്നു. ശേഷം കല്‍പ്പറ്റ ബിവറേജസിന് സമീപത്തെത്തി വീണ്ടും മദ്യം വാങ്ങാന്‍ ശ്രമിക്കുകയായിരുന്നു. വീണ്ടും മദ്യം വാങ്ങുന്നതിന്റെ പേരില്‍ 20 രൂപയെ ചൊല്ലി മൂവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. തൊട്ടുപിന്നാലെ, ശമീറും ഷരീഫും ചേര്‍ന്ന് നിഷാദിനെ മര്‍ദിക്കുകയായിരുന്നു. ഇവര്‍ നിഷാദ് ബാബുവിനെ കല്ലുകൊണ്ടും മര്‍ദിച്ചതായി പോലീസ് പറഞ്ഞു. മുഖത്ത് കല്ലുകൊണ്ടുള്ള മര്‍ദ്ദനത്തില്‍ സാരമായ പരിക്കുകളുണ്ട്. അടിപിടിക്ക് ഇടയില്‍ നിഷാദ് നിലത്തു വീണു. ഇതോടെ, ഇരുവരും സ്ഥലം വിട്ടു. പിന്നാലെ, നിഷാദ് എഴുന്നേറ്റ് കല്‍പ്പറ്റ പുതിയ സ്റ്റാന്‍ഡ് പരിസരത്തേക്കുള്ള ബസില്‍ കയറിയെങ്കിലും കയറിയ ഉടനെ കുഴഞ്ഞു വീഴുകയായിരുന്നു. സംഭവം ശ്രദ്ധയില്‍പ്പെട്ട ബസ് ജീവനക്കാര്‍ വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു. സംഭവസ്ഥലത്ത് പോലീസെത്തി നിഷാദിനെ കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.