തിരുവനന്തപുരം: കാട്ടാക്കട ക്രിസ്ത്യന്‍ കോളേജിലെ എസ്എഫ്‌ഐ ആള്‍മാറാട്ടത്തില്‍ രാജ്ഭവന്‍ റിപ്പോര്‍ട്ട് തേടി. കേരള സര്‍വകലാശാല വൈസ് ചാന്‍സലറോടാണ് റിപ്പോര്‍ട്ട് തേടിയത്. സംഭവത്തില്‍ പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് നടപടി. വിഷയം അതീവ ഗൗരവത്തോടെയാണ് കാണുന്നത് എന്ന് ഗവര്‍ണര്‍ വ്യക്തമാക്കി. ചിലര്‍ നിയമം കൈയിലെടുക്കുന്നുവെന്നും ഇത് ഭീകരാവസ്ഥയാണെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.
എല്ലാ തിരഞ്ഞെടുപ്പ് നടപടികളും നിര്‍ത്തിവച്ചതായും സമാന സംഭവങ്ങള്‍ എവിടെയെങ്കിലും നടന്നിട്ടുണ്ടെങ്കില്‍ കണ്ടെത്തുമെന്നും അതിനായി സൂക്ഷ്മപരിശോധന നടത്തുമെന്നുമാണ് ഗവര്‍ണറുടെ നിലപാട്. ഇതിന് പിന്നാലെയാണ് സംഭവത്തില്‍ കേരള സര്‍വകലാശാലയോട് രാജ്ഭവന്‍ റിപ്പോര്‍ട്ട് തേടിയത്. കാട്ടാക്കട ക്രിസ്ത്യന്‍ കോളേജിലെ യൂണിയന്‍ തിരഞ്ഞെടുപ്പില്‍ വിജയിച്ച പാനലില്‍ ആള്‍മാറാട്ടം നടത്തിയ സംഭവത്തില്‍ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്. കോളേജ് പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ഡോ ജി ജെ ഷൈജുവിനെ ഒന്നാം പ്രതിയും ആള്‍മാറാട്ടം നടത്തിയ ഒന്നാം വര്‍ഷ ബിഎസ്സി വിദ്യാര്‍ഥി എ വിശാഖിനെ രണ്ടാം പ്രതിയുമാക്കിയാണ് കേസെടുത്തത്.