കൊച്ചി : അര്‍ജുന്‍ ആയങ്കി ഉള്‍പ്പെട്ട സ്വര്‍ണക്കവര്‍ച്ചാ സിന്‍ഡിക്കേറ്റിന്റെ ബുദ്ധികേന്ദ്രം ദുബായില്‍ ആണെന്നു സ്ഥിരീകരിച്ചു. വിദേശത്തുനിന്നു സ്വര്‍ണം വാങ്ങി കാരിയര്‍മാരെ ഉപയോഗിച്ച് ഇന്ത്യയിലേക്കു കടത്തുന്ന സംഘങ്ങള്‍ക്കും ഇതു തട്ടിയെടുക്കുന്നവര്‍ക്കും ഇടയില്‍ ഏജന്റുമാര്‍ ‘ഡബിള്‍ ഗെയിം’ കളിക്കുന്നതായാണു സൂചന. ഇരുപക്ഷത്തു നിന്നും ഇവര്‍ കടത്തുകൂലി കൈപ്പറ്റും. വിലപേശുന്ന കടത്തുകാരെ കസ്റ്റംസിനും ഡിആര്‍ഐക്കും ഒറ്റി പാരിതോഷികവും സ്വന്തമാക്കും. പിടിയിലായ മുഹമ്മദ് ഷഫീഖാണ് ഈ കള്ളക്കളി വെളിപ്പെടുത്തിയത്.
തിരുവനന്തപുരം വിമാനത്താവളം മുതല്‍ കണ്ണൂര്‍ വിമാനത്താവളം വരെ അത് നീണ്ടു നിവര്‍ന്നു കിടക്കുന്നു. ശ്രീലങ്കന്‍ വിമാനത്താവളവും ദുബായ് വിമാനത്താവളവുമായി നീളുന്നു ഈ സ്വര്‍ണ്ണക്കടത്തു സംഘത്തിന്റെ അധോലോക പ്രവര്‍ത്തനങ്ങള്‍. കേരളത്തിലെ റോഡുകളില്‍ റേസ് ചെയ്ത് സ്വര്‍ണം തട്ടിയെടുക്കുന്ന നിലയിലേക്ക് കാര്യങ്ങള്‍ മാറ്റിയത് ഇങ്ങനെ ചേരി തിരിഞ്ഞുള്ള അധോലോകത്തിന്റെ ഏറ്റുമുട്ടലുകളാണ്. വിദേശത്തുനിന്നു സ്വര്‍ണം വാങ്ങി കാരിയര്‍മാരെ ഉപയോഗിച്ച് ഇന്ത്യയിലേക്കു കടത്തുന്ന സംഘങ്ങള്‍ക്കും ഇതു തട്ടിയെടുക്കുന്നവര്‍ക്കും ഇടയില്‍ ഏജന്റുമാരാണ് പലപ്പോഴും നിര്‍ണായക കളിക്കാരായി മാറുന്നത്.
വിശ്വാസ്യത എന്നൊന്ന് ഈ സംഘങ്ങള്‍ക്കിടയില്‍ ഇല്ല. സ്വര്‍ണക്കടത്തുകാരും ഗുണ്ടകളും പരസ്പരം പിന്തുടര്‍ന്ന് കോഴിക്കോട് രാമനാട്ടുകരയില്‍ 5 പേര്‍ മരിക്കാനിടയായതാണ് സ്വര്‍ണക്കടത്തിനും കവര്‍ച്ചയ്ക്കും പിന്നിലെ കള്ളി വെളിച്ചത്തു കൊണ്ടുവന്നത്. ഷഫീഖിനെയും അര്‍ജുനെയും ഒരുമിച്ചു ചോദ്യം ചെയ്യുന്നതോടെ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണു പ്രതീക്ഷ. അര്‍ജുന്‍ ആയങ്കിയുടെ സംഘം പലപ്പോഴായി തട്ടിയെടുത്ത കള്ളക്കടത്തു സ്വര്‍ണത്തിന്റെ വില 6 കോടി രൂപയിലധികം വരുമെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
22 തവണ ഇവര്‍ സ്വര്‍ണം കവര്‍ന്നതായാണ് നിഗമനമെങ്കിലും കൂടുതല്‍ തവണ കവര്‍ച്ചയ്ക്ക് ഇരകളായ കൊടുവള്ളി സംഘം പറയുന്നത് 25 തവണ കവര്‍ച്ച ചെയ്യപ്പെട്ടതായാണ്. കൊടുവള്ളി സംഘം ഏര്‍പ്പെടുത്തിയ ചെര്‍പ്പുളശേരിയിലെ ഗുണ്ടാ സംഘം, അര്‍ജുന്‍ സഞ്ചരിച്ച കാറിനെ പിന്തുടര്‍ന്നത് തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്താനാണെന്നും സംശയിക്കുന്നു. അതേസമയം അര്‍ജുന്റെ സംഘത്തില്‍ സിപിഎം ബന്ധമുള്ള കൂടുതല്‍ പേരുണ്ടെന്നാണു സൂചന.
സ്വര്‍ണം തട്ടിയെടുക്കലുമായി ബന്ധപ്പെട്ടു പുറത്തുവന്ന ശബ്ദസന്ദേശങ്ങളിലൊന്ന് പാനൂര്‍ സ്വദേശിയും അര്‍ജുന്റെ സുഹൃത്തുമായ ശ്രീലാലിന്റേതാണെന്നു കരുതുന്നു. അര്‍ജുന്‍ ഉപയോഗിച്ചിരുന്ന കാറിന്റെ ഉടമയും ഡിവൈഎഫ്‌ഐ നേതാവുമായിരുന്ന സജേഷിനെപ്പറ്റി അന്വേഷണം നടത്തുന്നില്ലെന്നു പോലീസ് അറിയിച്ചു. ഇതിനിടെ തിരുവനന്തപുരം നയതന്ത്ര പാഴ്‌സല്‍ സ്വര്‍ണക്കടത്തിന്റെ സൂത്രധാരനായ കെ.ടി. റമീസിനു വേണ്ടി ദുബായില്‍ സ്വര്‍ണം ശേഖരിച്ചിരുന്ന സംഘത്തില്‍ അര്‍ജുന്റെ കൂട്ടാളിയായ സലീം അംഗമാണെന്നും സംശയിക്കുന്നുണ്ട്.