കോഴിക്കോട് : കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ അര്‍ജുന്‍ ആയങ്കിയുടെ ഭാര്യ അമല ഇന്ന് ചോദ്യം ചെയ്യലിന് ഹാജരായില്ല. ഇന്ന് എത്താന്‍ അസൗകര്യം ഉണ്ടെന്ന് അമലയുടെ അഭിഭാഷകന്‍ കസ്റ്റംസിനെ അറിയിച്ചു. അമലയുടെ മൊഴിയില്‍ വൈരുധ്യങ്ങളുള്ളത് കൊണ്ടാണ് കസ്റ്റംസ് വീണ്ടും വിളിപ്പിച്ചത്. അമലയെ ചോദ്യം ചെയ്യുന്നതിലൂടെ അര്‍ജുന്‍ ആയങ്കിയുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് അറിയാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് കസ്റ്റംസ്.
കഴിഞ്ഞ തിങ്കളാഴ്ചയും അമലയെ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. അര്‍ജുന്റെ സുഹൃത്തുക്കളെക്കുറിച്ചും മൊബൈല്‍ ഫോണിനെക്കുറിച്ചും അറിയാനായിരുന്നു ചോദ്യം ചെയ്യല്‍. അമലയുടെ അമ്മ നല്‍കിയ പണം കൊണ്ടാണ് വീട് വെച്ചത് എന്നാണ് അര്‍ജുന്‍ മൊഴി നല്‍കിയതെങ്കിലും ഇത് അന്വേഷണ സംഘം വിശ്വാസത്തിലെടുത്തിട്ടില്ല.
അതേസമയം കേസിലെ ചില പ്രതികള്‍ക്ക് സിം കാര്‍ഡുകള്‍ എടുത്തു നല്‍കിയ പാനൂര്‍ സ്വദേശിനി സക്കീന ഇന്ന് ചോദ്യം ചെയ്യലിന് ഹാജരായി. മുഹമ്മദ് ഷാഫി ഉപയോഗിക്കുന്ന സിം കാര്‍ഡ് ഇവരുടെ പേരിലാണെന്ന് കസ്റ്റംസ് കണ്ടെത്തി. ടി.പി വധക്കേസിലെ പ്രതി മുഹമ്മദ് ഷാഫിയോട് നാളെ കൊച്ചിയില്‍ എത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.