ഗുവാഹത്തി : സൈനിക വേഷത്തിൽ സംശയാസ്പദ സാഹചര്യത്തിൽ കണ്ടെത്തിയ പതിനൊന്ന് പേരെ അറസ്റ്റ് ചെയ്തു. ഗുവാഹത്തി അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപത്തു നിന്നാണ് സംഘത്തെ പോലീസ് പിടികൂടിയത്. ഇവരുടെ കൈവശം തിരിച്ചറിയൽ രേഖകൾ ഉണ്ടായിരുന്നില്ല. പെരുമാറ്റത്തിൽ സംശയം തോന്നിയെന്നും വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്നും പോലീസ് അറിയിച്ചു. ആദ്യം നാല് പേരെയാണ് പോലീസ് പിടികൂടിയത്. തുടർന്നുള്ള ചോദ്യം ചെയ്യലിൽ മറ്റ് ഏഴ് പേരിലേക്ക് കൂടി എത്തിച്ചേരുകയായിരുന്നു.
ഇവരിൽ ഒരാളുടെ പക്കൽ നിന്ന് ഒരു സെക്യൂരിറ്റി കമ്പനിയുടെ വ്യാജ നിയമന ഉത്തരവ് പിടികൂടി. ഇവർ താമസിച്ചിരുന്ന വീട്ടിൽ പോലീസ് നടത്തിയ തിരച്ചിലിൽ ചില രേഖകളും വ്യാജ തിരിച്ചറിയൽ കാർഡുകളും കണ്ടെടുത്തു. ഇന്ത്യൻ ക്രിമിനൽ നിയമത്തിലെ ബന്ധപ്പെട്ട വകുപ്പുകളനുസരിച്ച് ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഒരു മാസത്തോളമായി ഇവർ ഈ ഭാഗത്ത് താമസിച്ചു വരികയാണെന്ന് ഗുവഹാത്തി ജോയിന്റ് പോലീസ് കമ്മിഷണർ ദേബ് രാജ് ഉപാധ്യായ് പറഞ്ഞു.