ദില്ലി: ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെയും അതിർത്തിയില്‍ പാക് പ്രകോപനം തുടരുന്നതിനിടെ ജാഗ്രത കർശനമാക്കി സൈന്യം. സാഹചര്യം സൂക്ഷ്മമായി നിരീക്ഷിക്കുന്നുവെന്ന് സൈന്യം അറിയിച്ചു. കരസേന മേധാവി ഉപേന്ദ്ര ദ്വിവേദി സാഹചര്യം നിരന്തരം നിരീക്ഷിക്കുന്നുണ്ട്. നിയന്ത്രണ രേഖയിലെ സാധാരണക്കാർക്ക് നേരെയുള്ള നടപടിക്ക് തക്കതായ തിരിച്ചടി നല്‍കാന് സൈന്യത്തിന് സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്.
പഹൽഗാം ഭീകരാക്രമണത്തിനുള്ള ഇന്ത്യയുടെ തിരിച്ചടിയായ ഓപ്പറേഷൻ സിന്ദൂർ സർജിക്കൽ സ്ട്രൈക്കിന്‍റെ പശ്ചാത്തലത്തിൽ പാകിസ്ഥാൻ ആക്രണത്തിന് മുതിർന്നാൽ കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്നാണ് ഇന്ത്യയുടെ മുന്നറിയിപ്പ്. വിദേശ രാജ്യങ്ങളോടാണ് ഇക്കാര്യത്തിൽ ഇന്ത്യ നിലപാടറിയിച്ചത്. പാകിസ്ഥാൻ ഇനി ആക്രമണത്തിന് മുതിർന്നാൽ ഇന്ത്യ ശക്തമായി തിരിച്ചിടിക്കും. പാകിസ്ഥാന്‍റെ സൈനിക കേന്ദ്രങ്ങളടക്കം ആക്രമിക്കാൻ മടിക്കില്ലെന്നും വിദേശ നയതന്ത്ര പ്രതിനിധികളെ ഇന്ത്യ അറിയിച്ചു.