കോഴഞ്ചേരി : ആറന്മുള ഗ്രാമപ്പഞ്ചായത്തിലെ കോട്ടയിലുള്ള സ്വകാര്യവ്യക്തിയുടെ ഗോഡൗണിൽ നിന്നും ആയിരത്തോളം കിലോ നിരോധിത പ്ലാസ്റ്റിക് ഉത്‌പന്നങ്ങൾ പിടിച്ചെടുത്തു. ആറന്മുളയിലെയും സമീപപ്രദേശങ്ങളിലെയും വിവിധ കച്ചവട സ്ഥാപനങ്ങളിലേക്ക് വിതരണത്തിനായി സൂക്ഷിച്ചിരുന്ന നിരോധിത പ്ലാസ്റ്റിക് ഉത്‌പന്നങ്ങൾ ആണ് തദ്ദേശസ്വയംഭരണ വകുപ്പ് ജില്ലാ എൻഫോഴ്‌സ്‌മെന്റ് ടീമിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ കണ്ടെടുത്തത്. 2019-ൽ സർക്കാർ നിരോധിച്ച പ്ലാസ്റ്റിക് ക്യാരിബാഗുകൾ, പേപ്പർ പ്ലേറ്റുകൾ, പ്ലാസ്റ്റിക് കോട്ടിങ് ഉള്ള പേപ്പർ കപ്പുകൾ, പ്ലാസ്റ്റിക് ഇലകൾ എന്നിവ പിടിച്ചെടുത്ത ഉത്‌പന്നങ്ങളാണ്. വിപണിയിൽ നാല് ലക്ഷത്തോളം രൂപ വരും.
ഗ്രാമപ്പഞ്ചായത്തിന്റെ എംസിഎഫും പന്തളം ബ്ലോക്ക് പഞ്ചായത്തിന്റെ ആർആർഎഫും സ്ഥിതിചെയ്യുന്ന കെട്ടിടങ്ങളോട് ചേർന്നുള്ള സ്വകാര്യവ്യക്തിയുടെ കെട്ടിടത്തിലാണ് നിരോധിത ഉത്‌പന്നങ്ങൾ രഹസ്യമായി സൂക്ഷിച്ചിരുന്നത്. കണ്ടെത്തിയ ഉത്‌പന്നങ്ങൾ തുടർ നടപടികൾക്കായി ഗ്രാമപ്പഞ്ചായത്ത് അധികൃതർക്ക് കൈമാറി. ജില്ലാ എൻഫോഴ്‌സ്‌മെന്റ് ടീം ലീഡർ പറക്കോട് ബ്ലോക്ക് പഞ്ചായത്ത് ജോയിൻറ് ബിഡിഒ എസ്.കെ. സുനിൽകുമാർ, കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് ജനറൽ എക്സ്റ്റൻഷൻ ഓഫീസർ വിനയകുമാർ, പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് ഹൗസിങ് ഓഫീസർ എസ്.ഹസീം എന്നിവർ പരിശോധനയിൽ പങ്കെടുത്തു.