ആലുവ: വ്യാപാരിയുടെ വീട്ടില്‍ നിന്നും 12 പവന്‍ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച കേസില്‍ ജോലിക്കാരിയേയും സുഹൃത്തിനേയും പോലീസ് പിടിച്ചു. കട്ടപ്പന കരുണാപുരത്ത് വിദ്യ (32), രാമക്കല്‍മേട് ജയ്മോന്‍ (38) എന്നിവരെയാണ് ആലുവ എസ്.എച്ച്.ഒ എന്‍. സുരേഷ് കുമാര്‍ അറസ്റ്റ് ചെയ്തത്. ആലുവ ലൂര്‍ദ് സെന്ററില്‍ പ്രവര്‍ത്തിക്കുന്ന സി.സി മാത്തപ്പന്‍സ് സ്റ്റേഷനറി ഉടമ എസ്.പി ഓഫീസിന് സമീപം നേതാജി റോഡില്‍ താമസിക്കുന്ന സാമുവലിന്റെ വീട്ടിലാണ് മോഷണം നടത്തിയത്.
എറണാകുളത്തെ ഒരു സ്വകാര്യ ഏജന്‍സി മുഖേന മൂന്ന് മാസം മുമ്പാണ് വിദ്യ വീട്ടുജോലിക്കെത്തിയത്. അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണം കാണാതായ ദിവസം തന്നെ സംശയം തോന്നിയ വീട്ടുടമ ഇവരെ ജോലിയില്‍ നിന്ന് പറഞ്ഞുവിട്ടിരുന്നു. തുടര്‍ന്ന് ആലുവ പോലീസിനും ഏജന്‍സിക്കും പരാതി നല്‍കി. പോലീസ് പലവട്ടം യുവതിയെ ചോദ്യം ചെയ്തെങ്കിലും കുറ്റം സമ്മതം നടത്തിയില്ല. ഇതിനിടെ പോലീസ് രഹസ്യമായി നടത്തിയ അന്വേഷണത്തില്‍ യുവതി പുതിയ സ്വര്‍ണാഭരണങ്ങള്‍ ഉപയോഗിക്കുന്നതായി കണ്ടെത്തിയത്. തുടര്‍ന്ന് വീട്ടിലെത്തി വിശദമായി ചോദ്യം ചെയ്തപ്പോഴാണ് മോഷണ വിവരം സമ്മതിച്ചത്.