കോന്നി : ആനത്താവളത്തിന്‍റെ പരിസരത്ത് ജില്ലാ പൈതൃക മ്യൂസിയത്തിനായി ശേഖരിച്ച പുരാവസ്തുക്കൾ പൊടിപിടിച്ചുകിടക്കുന്നു. ആനത്താവളത്തിന്റെ പരിസരത്തുള്ള കെട്ടിടങ്ങൾ ക്രമീകരിച്ച് പുരാവസ്തു മ്യൂസിയം തുറക്കാനായിരുന്നു പദ്ധതി. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും മ്യുസിയം തുറക്കുന്നതിന്റെ ഭാഗമായായിരുന്നു കോന്നിയിൽ ഇതിന് അനുമതിയായത്. മൂന്ന് കെട്ടിടങ്ങളാണ് ഇതിനായി വനംവകുപ്പ് വിട്ടുകൊടുത്തത്. രണ്ടരക്കോടി രൂപ ചെലവഴിച്ച് കെട്ടിടങ്ങൾ പുനർനിർമിച്ചിരുന്നു. പന്തളം എൻ.എസ്.എസ് കോളേജിലെ ചരിത്ര വിഭാഗം വിദ്യാർഥികളുടെയും അധ്യാപകരുടെയും സഹകരണത്തോടെ സർവേ നടത്തി.
അപൂർവമായ ജില്ലയിലെ പുരാവസ്തുക്കൾ മ്യൂസിയത്തിലേക്ക് ശേഖരിച്ചു. ഇത് ഏറ്റെടുക്കുന്ന ചടങ്ങ് 2019 ഫെബ്രുവരി 15-ന് അന്നത്തെ പുരാവസ്തു മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയാണ് ഉദ്ഘാടനം ചെയ്തത്. കേരള മ്യൂസിയംവകുപ്പിന്റെ ചുമതലയിൽ ആയിരുന്നു പദ്ധതി മുമ്പോട്ടുപോയത്. കുറച്ചു ദിവസം വനംവകുപ്പിന്റെ കെട്ടിടത്തിൽ പൊതുജനങ്ങൾക്ക് കാണാൻ അവസരം ഒരുക്കിയിരുന്നു. കെട്ടിടം ചോർന്നൊലിച്ചതോടെ പുരാവസ്തുക്കൾ എല്ലാം ഒരുഭാഗത്ത് കൂട്ടിയിട്ട് പ്ലാസ്റ്റിക്കുകൊണ്ട് മൂടിവെച്ചിരിക്കുകയാണ്. മ്യൂസിയത്തിന് ആവശ്യമായ സ്ഥലം ഇല്ലാത്തതാണ് പ്രവർത്തനങ്ങൾ നിലയ്ക്കാൻ കാരണമായി പറയുന്നത്.