തിരുവനന്തപുരം : സി.പി.എം ഭരിക്കുന്ന തിരുവനന്തപുരത്തെ ആര്യനാട് സഹകരണ ബാങ്കിൽ വായ്പാതട്ടിപ്പിൽ ബാങ്ക് മാനേജർ ബിജു കുമാർ അറസ്റ്റിൽ. ക്രൈം ബ്രാഞ്ചാണ് ബിജു കുമാറിനെ അറസ്റ്റ് ചെയ്തത്. ഏഴുകോടിയിൽപ്പരം രൂപ ജീവനക്കാർ തട്ടിയെന്ന് സഹകരണവകുപ്പ് കണ്ടെത്തിയിട്ട് ഒരുവർഷത്തിലധികമായി.
ആര്യനാട് സർവീസ് സഹകരണബാങ്കിലെ മുൻ ഭരണസമിതി അംഗം കൂടിയായ ശശിധരന് ഒരു ദിവസം ബാങ്കിൽ നിന്നൊരു നോട്ടീസെത്തി. മൂന്ന് ലക്ഷം രൂപ വായ്പ എടുത്തിട്ടുണ്ടെന്നായിരുന്നു നോട്ടീസ്. ഇങ്ങനെ 185 ലധികം പേരുടെ സ്ഥിരനിക്ഷേപ സർട്ടിഫിക്കറ്റുകൾ അവരറിയാതെ വെച്ച് വായ്പ എടുത്തുവെന്നാണ് സഹകരണവകുപ്പിന്‍റെ പരിശോധനയിൽ കണ്ടെത്തിയത്. ബാങ്കിന്‍റെ സായാഹ്നശാഖയിലെ ബാങ്ക് മാനേജർ ജൂനിയർ ക്ലർക്ക് എന്നിവരായിരുന്നു തട്ടിപ്പ് നടത്തിയതെന്നായിരുന്നു കണ്ടെത്തൽ.
മേൽനോട്ടത്തിൽ വീഴ്ച വന്നതിന് സെക്രട്ടറി അസിസ്റ്റൻഡ് സെക്രട്ടറി ഇന്റേൺ ഓഡിറ്റർ എന്നിവരുൾപ്പടെ പാർട്ടി അനുഭാവികളായ അഞ്ച് പേരെ സസ്പെന്‍റ് ചെയ്തിരുന്നു. ഒപ്പം ഭരണസമിതിയും പിരിച്ചുവിട്ടു. അന്നത്തെ സെക്രട്ടറിയുടെ വീഴ്ചയാണ് ഉദ്യോഗസ്ഥരുടെ തട്ടിപ്പിന് കാരണമെന്നാണ് സി.പി.എമ്മിന്‍റെ കണ്ടെത്തൽ.