കോന്നി : കോന്നി, റാന്നി വനം ഡിവിഷനുകളിലെ വിവിധ ഫോറസ്റ്റ് സ്റ്റേഷനുകളിലായി ഒരു വർഷത്തിനിടെ ചരിഞ്ഞത് എട്ടോളം കാട്ടാനകൾ എന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. 2023 ജനുവരി മുതൽ സെപ്റ്റംബർ വരെയുള്ള കണക്കുകളിലാണ് കുട്ടിയാനകൾ അടക്കം എട്ട് എണ്ണം ചരിഞ്ഞത്. മണ്ണാറപ്പാറ സ്റ്റേഷൻ പരിധിയിൽ ഒരു കുട്ടിയാനയും ഗുരുനാഥൻ മണ്ണ് തണ്ണിത്തോട് സ്റ്റേഷൻ പരിധിയിൽ ഓരോ ആനയും ചരിഞ്ഞു. മുൻ വർഷത്തെ അപേക്ഷിച്ച് വനം വകുപ്പിന്റെ കണക്കുകളിൽ കാട്ടാനകളുടെ എണ്ണത്തിൽ വലിയ കുറവ് വന്നതായും പറയുന്നുണ്ട്.
പലപ്പോഴും വനം വകുപ്പിന്റെ പെട്രോളിംഗ് സമയങ്ങളിലാണ് കൂടുതലും ആനകളുടെ ജഡങ്ങൾ കണ്ടെത്തുന്നത്. പലതും ദിവസങ്ങൾ പഴക്കമുള്ള ജഡങ്ങൾ ആയതിനാൽ കൃത്യമായി പോസ്റ്റ്മോർട്ടം നടത്തി മരണകാരണം കണ്ടെത്താൻ സാധിക്കാത്തതും അതികൃതരെ വലയ്ക്കുന്നു. പിന്നീട് സാമ്പിളുകൾ ശേഖരിച്ച് ലാബിൽ പരിശോധനക്ക് അയച്ച് കഴിഞ്ഞാൽ ചിലപ്പോൾ മാസങ്ങളുടെ കാത്തിരിപ്പിനൊടുവിലാണ് ഫലം പുറത്തുവരിക. പടക്കം കടിച്ച് ചരിഞ്ഞ ആനകളും അനവധിയാണ്. മൺപിലാവിൽ ജനവാസ മേഖലയിൽ കാട്ടാന ചരിഞ്ഞത് വായിലെ മുറിവിൽ ഉണ്ടായ അണുബാധ മൂലം എന്നാണ് പ്രാഥമിക നിഗമനം.
ഇതിന്‍റെ സാമ്പിളുകൾ പരിശോധനക്ക് അയച്ചിട്ടുമുണ്ട്. ഫലം പുറത്ത് വന്നെങ്കിൽ മാത്രമേ യഥാർത്ഥ കാരണം വ്യക്തമാകൂ. കാട്ടാനയോടൊപ്പം തന്നെ മ്ലാവും കേഴയും അടക്കമുള്ള വന്യ മൃഗങ്ങൾ ചാകുന്ന സംഭവങ്ങളും അനവധിയാണ്. മൃഗവേട്ടകളും കുറവല്ല. വനത്തിനോട് ചേർന്ന പ്രദേശങ്ങളിൽ പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ തള്ളുന്നതും കാട്ടുപന്നിക്കും മറ്റും പടക്കം ഉപയോഗിച്ച് കെണി ഒരുക്കുന്നതും പലപ്പോഴും കാട്ടാനകളുടെ ജീവൻ അപഹരിച്ചിട്ടുണ്ട് എന്നാണ് പല സംഭവങ്ങളും വ്യക്തമാക്കുന്നത്. കാട്ടാനകൾ ക്രമാതീതമായി പല കാരണങ്ങളാൽ ചത്തൊടുങ്ങുന്ന സാഹചര്യത്തിൽ ഇത് സംബന്ധിച്ച് വിശദമായ പഠനം വേണമെന്നും ആവശ്യമുയരുന്നു.