മലപ്പുറം : പാണ്ടിക്കാട് പോലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ച യുവാവ് കുഴഞ്ഞു വീണു മരിച്ച സംഭവത്തിൽ പോലീസിനെതിരെ ആരോപണവുമായി യുവാവിന്റെ ബന്ധുക്കൾ. യുവാവിന് പോലീസിന്റെ മർദനമേറ്റിരുന്നതായി ബന്ധുക്കൾ പറഞ്ഞു. പന്തല്ലൂർ കടമ്പോട് സ്വദേശി മൊയ്തീൻകുട്ടി (36) ആണ് സ്റ്റേഷനിൽ കുഴഞ്ഞ് വീണത്. ഉടൻ തന്നെ പാണ്ടിക്കാട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും നില ഗുരുതരമായതിനെ തുടർന്ന് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയാണ് മരണം സംഭവിച്ചത്. മൊയ്തീൻകുട്ടിയെ പോലീസ് മർദിച്ചതാണ് മരണ കാരണമെന്നാണ് ബന്ധുക്കളും നാട്ടുകാരും പറയുന്നത്.
ആരോപണം നിഷേധിച്ച് പോലീസ് രംഗത്തെത്തി. ഒരു കാരണവശാലും മർദനമുണ്ടായിട്ടില്ലെന്ന് പാണ്ടിക്കാട് പോലീസ് പറഞ്ഞു. കാര്യങ്ങളെ കുറിച്ച് അന്വേഷിക്കുക മാത്രമാണ് ചെയ്തത്. അക്കാര്യങ്ങളെ കുറിച്ച് ചോദിച്ചറിയുക മാത്രമാണുണ്ടായത്. എന്നാൽ ചോദ്യം ചെയ്യാൻ തുടങ്ങിയ ഉടൻ തന്നെ മൊയ്തീൻ കുട്ടി കുഴഞ്ഞു വീഴുകയായിരുന്നു. യുവാവ് ഹൃദ്രോഗിയാണെന്നും പോലീസ് പറയുന്നു. യുവാവിൻ്റേത് ഹൃദയാഘാതത്തെ തുടർന്നുള്ള മരണമാണെന്നും പോലീസ് പറയുന്നു. ഇത് ശരിവെക്കുന്നതാണ് ഡോക്ടർമാരുടെ പ്രതികരണവും. ക്ഷേത്ര ഉത്സവത്തിനിടയിൽ നടന്ന സംഘർഷവുമായി ബന്ധപ്പെട്ടതാണ് യുവാവിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. യുവാവിനെ ചോദ്യം ചെയ്യുന്നതിനിടയിലാണ് കുഴഞ്ഞു വീണത്.