തിരുവനന്തപുരം : പുതുവർഷത്തെ വരവേൽക്കാൻ പതിവുപോലെ കോവളം തീരം ഒരുങ്ങി. ഇന്ന് രാവിലെ 10 മണി മുതൽ ബീച്ച് റോഡിലും ഇടറോഡുകളിലും വാഹന പരിശോധനയുണ്ടാകും. ഇന്ന് അർദ്ധരാത്രിക്ക് ശേഷം ബീച്ചിൽ ആരെയും പ്രവേശിപ്പിക്കില്ല. 12 മണിയോടെ ബീച്ചിലുള്ളവരെ ഒഴിപ്പിക്കുമെന്ന് പോലീസ് അറിയിച്ചു. തീരത്ത് എത്തുന്ന സഞ്ചാരികളെ ആകർഷിക്കാൻ ഡിജെ പാർട്ടികളും നൃത്ത സംഗീത വിരുന്നുകളും കലാപരിപാടികളുമാണ് സംഘടിപ്പിച്ചിരിക്കുന്നത്. ഇതിനോടകം തന്നെ കോവളം തീരത്തെ ഹോട്ടലുകളിലെ മുറികൾ എല്ലാം മുൻകൂർ ബുക്കിംഗ് പൂര്‍ത്തിയായി. ഇന്ന് വൈകിട്ട് 4ന് ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ നാടൻ കലാരൂപങ്ങൾ ഉൾപ്പെടുത്തി ഘോഷയാത്ര നടക്കും. ഇൻഫർമേഷൻ ഓഫീസ് പരിസരത്തു നിന്ന് ആരംഭിക്കുന്ന ഘോഷയാത്ര ലൈറ്റ് ഹൗസ് ബീച്ച് വരെയുണ്ടാകും.
ഇത്തവണ ഇടക്കല്ല് പാറക്കൂട്ടത്തിൽ വൈദ്യുത ദീപാലങ്കാരങ്ങളുണ്ടാകും. സുരക്ഷയ്ക്കായി 300ലേറെ പോലീസുകാരെ ആണ് വിന്യസിക്കുന്നത്. സുരക്ഷയുടെ ഭാഗമായി ബീച്ചിൽ കൂടുതൽ സിസിടിവി ക്യാമറകൾ സജ്ജമാക്കി. സുരക്ഷാ ടവറുകൾ, പോലീസ് കൺട്രോൾ റൂം എന്നിവയും തയ്യാറാണ്. ഫയർഫോഴ്സ്, ആരോഗ്യ വിഭാഗം, ലൈഫ് ഗാർഡുകൾ എന്നിവരുടെ സേവനവുമുണ്ടാവും. കോവളത്ത് എത്തുന്ന വാഹനങ്ങൾക്ക് പാർക്കിംഗിന് അവാട് തുറ, കരിങ്കാളി ക്ഷേത്രം റോഡ് എന്നിവിടങ്ങളിലും ബൈപാസ് റോഡിന്റെ വശങ്ങളിലും സൗകര്യമുണ്ടാകും. ബൈപ്പാസ് റോഡിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങളിലെത്തുന്ന യാത്രികരെ കോവളം ഭാഗത്തേക്ക് എത്തിക്കുന്നതിന് കെഎസ്ആർടിസി ഇലക്ട്രിക് ബസുകൾ സർവീസ് നടത്തും എന്ന് അധികൃതർ അറിയിച്ചു.