പത്തനംതിട്ട : ആശാ സമരം അടിയന്തിരമായി ഒത്തു തീർപ്പിലെത്തിക്കണമെന്ന് ആവശ്യപെട്ട് സി.പി.എം കോ- ഓർഡിനേറ്റർ പ്രകാശ് കാരാട്ടിന് കത്തയച്ച് കേരള കോൺഗ്രസ് വൈസ് ചെയർമാൻ ജോസഫ് എം. പുതുശ്ശേരി. ഇന്ത്യയിലെ ഇതര സംസ്ഥാനത്തെക്കാൾ വളരെ ഉയർന്ന ജീവിത സൂചികയുള്ള കേരളത്തിൽ തുച്ഛമായ 233 രൂപയുടെ പ്രതിദിനവേതനമാണ് നല്‍കുന്നതെന്നും കത്തിലൂടെ ജോസഫ് എം പുതുശ്ശേരി വ്യതമാക്കി.
കത്തിന്‍റെ പൂര്‍ണ രൂപം
സാമുഹ്യ ക്ഷേമത്തിന്റെ അടിസ്ഥാന സൂചികകളിൽ ആരോഗ്യ രംഗത്തെ മികവ് ഒരു പ്രധാന ഘടകമാണ്. 2019 ലെ കോവിഡ് വ്യാപനത്തെ ഈ സംസ്ഥാനത്തിന് മികച്ച രീതിയിൽ പ്രതിരോധിക്കാൻ കഴിഞ്ഞതും ഗർഭിണികളുടെയും കുട്ടികളുടെയും വയോജനങ്ങളുടെയും ആരോഗ്യപരിരക്ഷയിൽ കേരളം മുൻപന്തിയിൽ നില്ക്കുന്നതും കേരളത്തിലെ 26000 ഓളം വരുന്ന ആശാ പ്രവർത്തകരുടെ നിസ്തുലമായ സേവനത്തിന്റെ ബാക്കി പത്രമാണ്. ഇന്ത്യയിലെ ഇതര സംസ്ഥാനത്തെക്കാൾ വളരെ ഉയർന്ന ജീവിത സൂചികയുള്ള കേരളത്തിൽ പ്രസ്തുത ആശാ വർക്കർമാർക്ക് കേരള സർക്കാർ തുലോം തുച്ഛമായ 233 രൂപയുടെ പ്രതിദിനവേതനമാണ് നല്കി വരുന്നത്. ഇവർ സേവന കാലാവധി കഴിഞ്ഞു പിരിഞ്ഞു പോകുന്നത് യാതൊരു പ്രതിഫലമില്ലാതെ വെറും കൈയോടെയാണ്.
മെച്ചപ്പെട്ട വേതനവും റിട്ടയർമെൻറ് ആനുകൂല്യങ്ങളും നേടിയെടുക്കുന്നതിന് പ്രസ്തുത വനിതാ തൊഴിലാളികൾ 50 ദിവസമായി കേരള സെക്രട്ടേറിയേറ്റിനു മുമ്പ് കൊടിയ വേനലും കോരിച്ചൊരിയുന്ന മഴയും നനഞ്ഞ് രാപകൽ സമരത്തിലാണ്. ഈ മാസം 19ാം തീയതി മുതൽ അവർ അനിശ്ചിത കാല ഉപവാസ സമരവും ആരംഭിച്ചിട്ടുണ്ട്.
പ്രസ്തുത സമരം ഒത്തുതീർപ്പിലൂടെ പരിഹരിക്കുന്നതിനു പകരം ഇവരെ കേരളത്തിലെ മുഖ്യമന്ത്രിയും പോളിറ്റ് ബ്യൂറോ മെമ്പർമാരും ഉൾപ്പടെയുള്ളവർ തങ്ങളുടെ പദവികൾക്ക് ചേരാത്ത ഭാഷയിൽ അപഹസിക്കുകയാണ്.
ഇതിനെ തുടർന്ന് ഇന്ന് മുതൽ അവർ മുടി മുറിച്ച് പ്രതിഷേധിക്കുക എന്ന മറ്റൊരു സഹന സമരത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. വനിതകൾ നമ്മുടെ മാതൃ സ്ഥാനീയരാണ്. അവരെ ഉപവാസ സമരത്തിലേയ്ക്ക് തള്ളിവിടുന്നത് വളരെ അപകടകരവും ദൂരവ്യാപക പ്രത്യാഘതങ്ങൾക്ക് കാരണമാകുന്നതുമായ കാര്യമാണന്ന് ഞാൻ താങ്കളെ ഓർമ്മിപ്പിക്കുകയാണ്. ആയതിനാൽ ഈ സമരം അടിയന്തിരമായി ഒത്ത് തീർപ്പിലെത്തിക്കാൻ താങ്കളുടെ അടിയന്തിരമായ ഇടപെടൽ ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു.