കോന്നി: കോന്നി നിയോജക മണ്ഡലത്തിലെ ആശാവർക്കർമാർക്ക് കോവിഡ് പ്രതിരോധ പ്രവർത്തനത്തിന് ആവശ്യമായ പ്രതിരോധ കിറ്റുകൾ എംഎൽഎ വിതരണം ചെയ്തു. വാർഡ് തലത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവമായി ഇടപെടുന്ന വരാണ് ആശാവർക്കർമാർ.
ആരോഗ്യവകുപ്പിലെ ഫീൽഡ് വിഭാഗം ജീവനക്കാരുടെ നിർദേശമനുസരിച്ച് വീടുവീടാന്തരം കയറിയിറങ്ങി പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്ന ആശാവർക്കർമാർക്ക് മതിയായ സുരക്ഷ സംവിധാനം ഇല്ല എന്ന പരാതി ഉയർന്നിരുന്നു. ഇതിനെതുടർന്നാണ് എംഎൽഎ അവർക്ക് ആവശ്യമായ സാനിറ്റൈസർ, മാസ്ക്, കൈയുറകൾ തുടങ്ങിയവ അടങ്ങിയ പ്രതിരോധ കിറ്റ് എത്തിച്ചു നൽകിയത്. കോന്നി നിയോജകമണ്ഡലത്തിലെ 214 ആശാ വർക്കർമാർക്കാണ് എംഎൽഎ കൈത്താങ്ങ് പദ്ധതിയുടെ ഭാഗമായി പ്രതിരോധ കിറ്റുകൾ നൽകിയത്.
ഇതോടെ മതിയായ സുരക്ഷാ സംവിധാനങ്ങളോടുകൂടി വീടുകൾ സന്ദർശിക്കുവാനും പ്രതിരോധ പ്രവർത്തനങ്ങൾ ഏറ്റെടുക്കുവാനും ആശാവർക്കർമാർക്ക് കഴിയും. കലഞ്ഞൂർ പഞ്ചായത്തിലെ ബിന്ദു സുകുമാരന് പ്രതിരോധ കിറ്റ് നല്കി എം.എൽ.എ ഉദ്ഘാടനം ചെയ്തു. തുടർന്നും ഫീൽഡ് വിഭാഗം ജീവനക്കാരുടെ സുരക്ഷയ്ക്ക് ആവശ്യമായ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുമെന്ന് എംഎൽഎ പറഞ്ഞു.