പത്തനംതിട്ട: ആശ തൊഴിലാളികളുടെ സെക്രട്ടറിയേറ്റ് സമരവുമായി ബന്ധപ്പെട്ട് ഐ.എൻ.റ്റി.യു.സി.ക്കും സംസ്ഥാന പ്രസിഡന്റ് ആർ.ചന്ദ്രശേഖരനുമെതിരെ നടത്തുന്ന പ്രചരണങ്ങളും അടിസ്ഥാനരഹിതമായ വാർത്തകളും വളരെ അപലപനീയമാണെന്ന് പത്തനംതിട്ട ജില്ലാ പ്രസിഡന്റ് ജ്യോതിഷ് കുമാർ മലയാലപ്പുഴ പറഞ്ഞു. ആശ തൊഴിലാളികൾ ഉൾപ്പെടെ ഏതൊരു മേഖലയിലേയും തൊഴിലാളികൾക്ക് സർക്കാർ ജീവനക്കാരുടെ ഏറ്റവും കുറഞ്ഞ അടിസ്ഥാന ശമ്പളവും ക്ഷാമബത്തയും മിനിമം വേതനമായി നിശ്ചയിക്കണമെന്നതാണ് ഐ.എൻ.റ്റി.യു.സി.യുടെ നിലപാട്. ആശ തൊഴിലാളികളെപ്പോലെ സ്കീം തൊഴിലാളികളായി ജോലി ചെയ്യുന്നവരാണ് അങ്കണവാടി ജീവനക്കാർ. ഇവർക്ക് സർക്കാർ ജീവനക്കാരുടെ സേവന-വേതന വ്യവസ്ഥകൾ 6 മാസത്തിനുള്ളിൽ നടപ്പാക്കണമെന്ന് ഗുജറാത്ത് ഹൈക്കോടതി 2024 ഒക്ടോബർ 30 ന് വിധി പുറപ്പെടുവിച്ചിരുന്നു. ഈ സാഹചര്യത്തിൽ ഐ.എൻ.റ്റി.യു.സി. ഉന്നയിക്കുന്ന ആവശ്യം ശരിയാണെന്ന് വ്യക്തമാവുകയാണ്.
തൊഴിലുറപ്പ് തൊഴിലാളികളുടെ ജോലിയും കൂലിയും വിഷയത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സമീപനം തീർത്തും തൊഴിലാളി വിരുദ്ധമാണ്. ഒരു കുടുംബത്തിന് 100 ദിവസത്തെ ജോലിയും കൂലിയായി കർഷക തൊഴിലാളികളുടെ മിനിമം വേതനവും നൽകിയിരിക്കണമെന്ന് വ്യവസ്ഥ ചെയ്തിരിക്കുന്നു. എന്നാൽ ദേശീയതലത്തിൽ 50 ദിവസവും സംസ്ഥാനത്ത് 66 ദിവസവും ആണ് ശരാശരി നിലവിൽ ജോലി നൽകുന്നത്. കൂലിയാണെങ്കിൽ ദേശീയ ശരാശരി 250 രൂപയും സംസ്ഥാനത്ത് 369 രൂപയും മാത്രമാണ്. തൊഴിലുറപ്പ് തൊഴിലാളികൾക്ക് കർഷക തൊഴിലാളികളുടെ മിനിമം വേതനം കൂലിയായി നൽകണമെന്ന് 2011 സെപ്റ്റംബർ 23 ന് കർണ്ണാടക ഹൈക്കോടതിയും 2012 ജനുവരി 23 ന് സുപ്രീംകോടതിയും വിധി പ്രസ്താവിച്ചിട്ടുണ്ടെങ്കിലും അത് നടപ്പാക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ യാതൊരു നടപടികളും സ്വീകരിച്ചിട്ടില്ല. ഈ വിധി അനുസരിച്ച് നിലവിൽ 697 രൂപാ സംസ്ഥാനത്തെ തൊഴിലാളികൾക്ക് കൂലിയായി ലഭിക്കണം. ഈ കൂലി വർദ്ധനവും മറ്റ് അടിസ്ഥാന ആവശ്യങ്ങളും ഉയർത്തിക്കൊണ്ട് മെയ് 28ന് സെക്രട്ടറിയേറ്റിന് മുന്‍പില്‍ പ്രകടനവും ധർണ്ണയും സംഘടിപ്പിക്കും. പത്തനംതിട്ട ജില്ലയിൽ നിന്ന് 500 തൊഴിലാളികളെ ധര്‍ണയില്‍ പങ്കെടുപ്പിക്കുമെന്നും ഐ.എൻ.റ്റി.യു.സി. ജില്ലാ കമ്മിറ്റി വ്യക്തമാക്കി.