മുംബൈ: 34 വര്‍ഷത്തെ ഔദ്യോഗിക ജീവിതത്തിനിടയില്‍ 57 സ്ഥലംമാറ്റങ്ങള്‍ നേരിട്ട സത്യസന്ധതയ്ക്ക് പേരുകേട്ട ഐഎഎസ് ഉദ്യോഗസ്ഥന്‍ അശോക് ഖേംക ബുധനാഴ്ച വിരമിക്കും. 1991 ബാച്ച് ഉദ്യോഗസ്ഥനായ അശോക് ഗതാഗത വകുപ്പിലെ അഡീഷണല്‍ ചീഫ് സെക്രട്ടറി എന്ന പദവിയില്‍ നിന്നാണ് വിരമിക്കുന്നത്. കഴിഞ്ഞ ഡിസംബറിലാണ് അദ്ദേഹത്തെ ഇപ്പോഴത്തെ തസ്തികയിലേക്ക് മാറ്റി നിയമിച്ചത്. കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ മരുമകന്‍ റോബര്‍ട്ട് വദ്രയുമായി ബന്ധപ്പെട്ട ഗുരുഗ്രാമിലെ ഭൂമിയിടപാടിന്റെ പോക്കുവരവ് റദ്ദാക്കിയതോടെയാണ് 2012-ല്‍ ഹരിയാണ കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനായ അശോക് ശ്രദ്ധിക്കപ്പെട്ടത്. 1965 ഏപ്രില്‍ 30-ന് കൊല്‍ക്കത്തയില്‍ ജനിച്ച അശോക് 1988-ല്‍ ഐഐടി ഖരഗ്പൂരില്‍ നിന്ന് കമ്പ്യൂട്ടര്‍ സയന്‍സ് ആന്റ് എഞ്ചിനീയറിങ്ങില്‍ ബിരുദം (ബി.ടെക്) നേടി.
തുടര്‍ന്ന് ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ചില്‍ (ടിഐഎഫ്ആര്‍) നിന്ന് കമ്പ്യൂട്ടര്‍ സയന്‍സില്‍ പിഎച്ച്ഡിയും ബിസിനസ് അഡ്മിനിസ്‌ട്രേഷനിലും ഫിനാന്‍സിലും എംബിഎയും കരസ്ഥമാക്കി. സര്‍വീസിലിരിക്കെ അദ്ദേഹം പഞ്ചാബ് സര്‍വകലാശാലയില്‍ നിന്ന് എല്‍എല്‍ബിയും പൂര്‍ത്തിയാക്കി. മനോഹര്‍ ലാല്‍ ഖട്ടറിന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരിന്റെ ആദ്യ കാലയളവില്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറായിരിക്കെ സ്ഥലം മാറ്റപ്പെട്ട് ഏകദേശം 10 വര്‍ഷത്തിന് ശേഷമാണ് അശോക് ഗതാഗത വകുപ്പില്‍ തിരിച്ചെത്തിയത്. കഴിഞ്ഞ ഡിസംബറിലാണ് മന്ത്രി അനില്‍ വിജ് കൈകാര്യം ചെയ്യുന്ന ഗതാഗത വകുപ്പിലെത്തിയത്. ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറായി വെറും നാല് മാസത്തിനുള്ളിലാണ് അശോകിന് സ്ഥലംമാറ്റമുണ്ടായത്.
കഴിഞ്ഞ 12 വര്‍ഷത്തിലേറെയായി ‘പ്രാധാന്യം കുറഞ്ഞ’ എന്ന് കരുതപ്പെടുന്ന വകുപ്പുകളിലാണ് അശോകിനെ നിയമിച്ചിട്ടുള്ളത്. അദ്ദേഹത്തിന്റെ ഔദ്യോഗിക ജീവിതത്തിലുടനീളം ശരാശരി ഓരോ ആറു മാസത്തിലും അദ്ദേഹത്തിന് സ്ഥലംമാറ്റം ലഭിച്ചിട്ടുണ്ട്. നാല് തവണയാണ് ആര്‍ക്കൈവ്‌സ് വകുപ്പിലെത്തിയത്. ഇതില്‍ മൂന്ന് തവണയും ബിജെപി നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ കാലത്തായിരുന്നു. ആര്‍ക്കൈവ്‌സ് വകുപ്പിന്റെ ഡയറക്ടര്‍ ജനറലായും പിന്നീട് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായും സേവനമനുഷ്ഠിച്ചു. കോണ്‍ഗ്രസ് അധികാരത്തിലിരിക്കെ 2013-ലാണ് അദ്ദേഹത്തെ ആദ്യമായി ഈ വകുപ്പിലേക്ക് മാറ്റിയത്. 2023-ല്‍ മനോഹര്‍ ലാല്‍ ഖട്ടറിന് കത്തെഴുതുകയും വിജിലന്‍സ് വകുപ്പില്‍ പ്രവര്‍ത്തിച്ച് അഴിമതി വേരോടെ പിഴുതെറിയാന്‍’ അവസരം നല്‍കണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തു.
‘ജോലിയുടെ അസന്തുലിതമായ വിതരണം പൊതുതാത്പര്യത്തിന് ഉതകുന്നതല്ല. എന്റെ ഔദ്യോഗിക ജീവിതത്തിന്റെ അവസാനത്തില്‍, അഴിമതി തുടച്ചുനീക്കുന്നതിനായി വിജിലന്‍സ് വകുപ്പിനെ നയിക്കാന്‍ ഞാന്‍ എന്റെ സേവനം വാഗ്ദാനം ചെയ്യുന്നു. അവസരം ലഭിച്ചാല്‍ അഴിമതിക്കെതിരെ ഒരു യഥാര്‍ത്ഥ യുദ്ധമുണ്ടാകുമെന്നും എത്ര ഉന്നതനായാലും ആരെയും വെറുതെ വിടില്ലെന്നും ഞാന്‍ നിങ്ങള്‍ക്ക് ഉറപ്പ് നല്‍കുന്നു.’ ഖട്ടറിന് എഴുതിയ കത്തില്‍ അശോക് പറയുന്നു.