തിരുവനന്തപുരം : മദ്യപിച്ചെത്തിയ സൈനികനെ തടയാനെത്തിയ എഎഎസ്ഐയ്ക്കും കടയുടമയ്ക്കും മർദ്ദനമേറ്റു. കാഞ്ഞിരംകുളം ജംഗ്ഷനിൽ വെച്ചാണ് സൈനികൻ ഇരുവരെയും ആക്രമിച്ചത്. വീട്ടിലെത്തി തോക്കുമായി മടങ്ങിയെത്തി തോക്ക് ചൂണ്ടി ഭീഷണി മുഴക്കിയ സൈനികനെ പോലീസ് ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുത്തു. മദ്രാസ് റജിമെന്റിൽ സുബേദാറായ കാഞ്ഞിരംകുളം ചെക്കിട്ടവിള വീട്ടിൽ ശരത്ത് നാഥി(42)നെയാണ് കാഞ്ഞിരംകുളം പോലീസ് അറസ്റ്റ് ചെയ്തത്.
ചൊവ്വാഴ്ച വൈകുന്നേരം കാഞ്ഞിരംകുളം ജംഗ്ഷനിലായിരുന്നു സംഭവം. അവധിക്കെത്തുമ്പോൾ നാട്ടിലിറങ്ങി സ്ഥിരമായി നാട്ടുകാരെ ശല്യപ്പെടുത്തുന്നയാളാണ് ശരത് നാഥന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ ദിവസവും ഇയാൾ ഇതാവർത്തിക്കുകയായിരുന്നു. കാഞ്ഞിരംകുളം ജംഗ്ഷനിലെ വ്യാപാരിയായ അനിലിനെ ആക്രമിച്ച ശേഷം സമീപത്തെ ഫ്ലക്സ് ബോർഡും നശിപ്പിച്ച് പ്രശ്നമുണ്ടാക്കി. ഇത് തടയാനെത്തിയ കാഞ്ഞിരംകുളം സ്റ്റേഷനിലെ എഎസ്ഐ മധുസൂദനനെ ഇയാൾ ആക്രമിച്ചു.
ഇതിന് ശേഷം സ്ഥലത്ത് നിന്ന് മുങ്ങിയ ശരത് നാഥ് വീട്ടിൽ സൂക്ഷിച്ചിരുന്ന ഡബിൾ ബാരൽ തോക്കുമായി ജംഗ്ഷനിലെത്തി. തോക്ക് ചൂണ്ടി എല്ലാവരെയും ഭീഷണിയുടെ മുൾമുനയിൽ നിർത്തി. വിവരമറിഞ്ഞ് എത്തിയ കാഞ്ഞിരം കുളം സി ഐ ബിജുവിന്റെയും എസ്ഐ സുകേഷിന്റെയും നേതൃത്വത്തിലുള്ള സംഘമാണ് സൈനികനെ ബലം പ്രയോഗിച്ച് പിടികൂടിയത്.
കാശ്മീരിൽ ജോലി നോക്കുന്നതിനിടയിൽ സ്വയരക്ഷക്കെന്ന പേരിൽ തോക്കിന് ലൈസൻസ് എടുത്തിരുന്നതായി പോലീസ് അറിയിച്ചു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. തലയ്ക്കും കവിളിനും മർദ്ദനമേറ്റ എഎസ്ഐ മധുസൂദനൻ ആശുപത്രിയിൽ ചികിത്സ തേടി.