പന്തളം : ജില്ലയിൽ ഞായറാഴ്ചനടന്ന ഏഷ്യൻ നീർപക്ഷി കണക്കെടുപ്പിൽ കാലാവസ്ഥാ വ്യതിയാനം നീർത്തടങ്ങളെയും പക്ഷി വൈവിധ്യത്തെയും എണ്ണത്തെയും ബാധിക്കുന്നതായി കണ്ടെത്തൽ. 67 ഇനങ്ങളിലായി 6,170 നീർപക്ഷികളെ എണ്ണിത്തിട്ടപ്പെടുത്തി. കഴിഞ്ഞ വർഷത്തേതിൽനിന്നു ആയിരത്തോളം പക്ഷികളുടെ കുറവാണ് രേഖപ്പെടുത്തിയത്. നീർപക്ഷികളോടൊപ്പം ഓരോ പഠനപ്രദേശത്തെയും മറ്റെല്ലാ പക്ഷികളെയും നിരീക്ഷിച്ച് രേഖപ്പെടുത്തിയിരുന്നു.
പുള്ളിച്ചോരക്കാലി, വരി എരണ്ട, ചതുപ്പൻ, പൊൻമണൽക്കോഴി, പച്ചക്കാലി, ആറ്റുമണൽക്കോഴി, കുരുവി മണലൂതി, ടെമ്മിങ്കി മണലൂതി, ബഹുവർണമണലൂതി, പുള്ളി കാടക്കൊക്ക്, കരിമ്പൻ കാടക്കൊക്ക്, പട്ടവാലൻ ഗോഡ്വിറ്റ്, കരി ആള, മഞ്ഞവാലുകുലുക്കി, വലിയ പുള്ളിപ്പരുന്ത്, കരിതപ്പി എന്നിങ്ങനെയുള്ള 25 ജാതി ദീർഘദൂര ദേശാടകരെയും ലഘുദേശാടകരായ പവിഴക്കാലി, ചായമുണ്ടി എന്നിവയെയും ജില്ലയിലെ നീർത്തടങ്ങളിൽ കണ്ടെത്തി.