ധര്‍മ്മശാല : ‘പാതാള്‍ ലോക്’ എന്ന വെബ് സീരീസിലൂടെയും, ‘കൈ പോ ചെ’ മലയാളത്തില്‍ മോഹന്‍ലാല്‍ ചിത്രമായ ‘ബിഗ് ബ്രദര്‍’ എന്നിവയിലൂടെ ശ്രദ്ധേയനായ നടന്‍ ആസിഫ് ബസ്ര (53)യെ മരിച്ച നിലയില്‍ കണ്ടെത്തി. ഹിമാചല്‍ പ്രദേശിലെ ധര്‍മ്മശാലയില്‍ ഒരു സ്വകാര്യ സമുച്ചയത്തിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഫോറന്‍സിക് സംഘം സ്ഥലത്തുണ്ടെന്നും മരണത്തെക്കുറിച്ച് പോലീസ് അന്വേഷിച്ചു വരികയാണെന്നും എസ്.എസ്.പി കാംഗ്ര വിമുക്ത് രഞ്ജന്‍ പറഞ്ഞതായാണ് റിപ്പോര്‍ട്ട്.
നടന്‍ ആസിഫ് ബസ്ര കഴിഞ്ഞ 5 വര്‍ഷമായി മക്ലിയോഡ് ഗഞ്ചിലെ വാടകവീട്ടിലാണ് താമസിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. 1998- ല്‍ വോയിലൂടെ തന്റെ കരിയര്‍ ആരംഭിച്ച ആസിഫ് അവസാനമായി പ്രത്യക്ഷപ്പെട്ടത് ഡിസ്നി + ഹോട്ട്സ്റ്റാര്‍ സീരീസ് ഹോസ്റ്റേജസിന്റെ രണ്ടാം സീസണിലാണ്. ഈ വര്‍ഷം ആദ്യം പുറത്തിറങ്ങിയ ആമസോണ്‍ പ്രൈമിന്റെ പാതാള്‍ ലോകില്‍ ഒരു മീഡിയ ഹൗസിലെ സീനിയര്‍ എക്സിക്യൂട്ടീവായും അദ്ദേഹം അഭിനയിച്ചു. ജബ് വി മെറ്റ്, വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ മുംബൈ, ക്രിഷ് 3, ഏക് വില്ലന്‍, അനുരാഗ് കശ്യപിന്റെ ബ്ലാക്ക് ഫ്രൈഡേ, രാഹുല്‍ ധോളാകിയയുടെ പര്‍സാനിയ തുടങ്ങിയ ചിത്രങ്ങളിലും ആസിഫ് അഭിനയിച്ചിട്ടുണ്ട്.