കൊല്‍ക്കത്ത: ബംഗാളിലെയും അസമിലെയും നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് തുടങ്ങി. മമതാ ബാനര്‍ജിയും സുവേന്ദു അധികാരിയും തമ്മില്‍ മത്സരിക്കുന്ന നന്ദിഗ്രാം മണ്ഡലമടക്കം 30 നിയമസഭാ സീറ്റുകളിലേയ്ക്കുള്ള തെരഞ്ഞെടുപ്പാണ് ബംഗാളില്‍ നടക്കുന്നത്. പടിഞ്ഞാറന്‍ മേദിനിപൂര്‍, മാംകുടാ, സൗത്ത് 24 പര്‍ഗനാസ് എന്നിവ ഉള്‍പ്പെടുന്ന മേഖലയിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ആകെ 2.75 ലക്ഷം പേരാണ് വോട്ട് ചെയ്യുന്നത്.
ക്രമസമാധാനം ലക്ഷ്യമിട്ട് നന്ദിഗ്രാമില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. അക്രമങ്ങള്‍ക്ക് തടയിടുക എന്ന ലക്ഷ്യത്തോടെ ശക്തമായ സുരക്ഷയാണ് ബംഗാളില്‍ ഒരുക്കിയിരിക്കുന്നത്. 22 കമ്പനി കേന്ദ്രസേനയെ സുരക്ഷയ്ക്കായി വിന്യസിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാര്‍ പോലീസ് സേനാ വിഭാഗത്തിനൊപ്പം എല്ലാമേഖലകളിലും കേന്ദ്രസേനാംഗങ്ങള്‍ നിലയുറപ്പിച്ചിരിക്കുകയാണ്. സുപ്രധാന റോഡുകളിലും വോട്ടിംഗ് കേന്ദ്രങ്ങളിലും തിരിച്ചറിയല്‍ രേഖയില്ലാത്ത ഒരാളെയും പ്രവേശിപ്പിക്കുന്നില്ലെന്ന് പോലീസ് വ്യക്തമാക്കി. എട്ട് ഘട്ടങ്ങളായാണ് ബംഗാളില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. മെയ് രണ്ടിനാണ് വോട്ടെണ്ണല്‍.