പത്തനംതിട്ട: പിന്നോക്ക ന്യൂനപക്ഷ വിഭാഗങ്ങൾക്കു വേണ്ടി ശബ്ദിക്കുന്നവരെ ഉന്മൂലനം ചെയ്യുന്ന ഫാസിസ്റ്റ് നീക്കത്തിന്റെ ഭാഗമായാണ് ഉത്തർ പ്രദേശിൽ മൗലാന ഫാറൂഖ് ഖാസിമിയെ കൊല ചെയ്തതെന്ന് കുലശേഖരപതി മുസ്ലിം ജമാഅത്ത് ചീഫ് ഇമാം സ്വാലിഹ് മൗലവി അൽഖാസിമി പറഞ്ഞു. ആസൂത്രിതമായ കലാപങ്ങളിലൂടെ രാജ്യത്തെ അസ്വസ്ഥമാക്കാനുള്ള നീക്കമാണിത്. മതേതര രാഷ്ട്രീയ പാർട്ടികൾ നിശബ്ദത വെടിയണമെന്നും അദ്ദേഹം പറഞ്ഞു. ഉത്തർപ്രദേശിൽ പള്ളിയിൽ കയറി ഫാറൂഖ് ഖാസിമിയെ കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് പത്തനംതിട്ട മുനിസിപ്പൽ മഹൽ കോ ഓർഡിനേഷൻ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ടൗൺ ജുമാമസ്ജിദ് ചീഫ് ഇമാം അബ്ദുൽ ഷുക്കൂർ മൗലവി അൽ ഖാസിമി മുഖ്യ പ്രഭാഷണം നടത്തി.
കോർഡിനേഷൻ കമ്മിറ്റി ചെയർമാൻ എച്ച്. ഷാജഹാൻ, കൺവീനർ അഫ്സൽ ആനപ്പാറ, ഷാജഹാൻ മളാഹിരി, സക്കീർ ഹുസൈൻ അൽ ബാഖവി, എസ്. മുഹമ്മദ് റാഷിദ്, അഷറഫ് ശോഭാസ്, നിയാസ് കൊന്നമൂട്, അഡ്വ. എൻ. മുഹമ്മദ് അൻസാരി, റിയാസ് എ. ഖാദർ, എൻ.എ. നൈസാം, ബിസ്മില്ലാഖാൻ എന്നിവർ സംസാരിച്ചു.