തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പില്‍ യുവാക്കള്‍ക്ക് 70 ശതമാനം പ്രാതിനിധ്യം വേണമെന്നും ഇക്കാര്യത്തില്‍ വിട്ടുവീഴ്ച്ചയ്ക്കില്ലെന്നും ചാണ്ടി ഉമ്മന്‍. മത്സരിക്കുന്ന കാര്യം പരിഗണിക്കാമെന്നും മത്സരിക്കണമോയെന്ന് പാര്‍ട്ടി തീരുമാനിക്കുമെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വോട്ട് ഉറപ്പിക്കുന്ന പ്രക്രിയയിലാണ്. യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ കേരളത്തിലുടനീളം യൂണിറ്റുകള്‍ രൂപീകരിക്കും. 10 പേര്‍ വീതം അടങ്ങുന്നതാണ് യൂണിറ്റുകള്‍. നിയമസഭ തെരഞ്ഞെടുപ്പിലെ ചാലകശക്തി യൂത്ത് കോണ്‍ഗ്രസായിരിക്കും.
നിയമസഭ തെരഞ്ഞെടുപ്പില്‍ എഴുപത് ശതമാനത്തോളം യുവാക്കള്‍ക്ക് പ്രാതിനിധ്യം നല്‍കണം. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനേക്കുറിച്ച് നിലവില്‍ ചിന്തിച്ചിരുന്നില്ല. അക്കാര്യത്തെക്കുറിച്ച് ആലോചിക്കാം. കഴിഞ്ഞ 20 വര്‍ഷമായി നാടിനുവേണ്ടി പ്രവര്‍ത്തിക്കുന്നയാളാണ്. ഇനിയും അത് തുടരും. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് യുഡിഎഫിന്റെ ഉണര്‍ത്തുവിളിയായി കണക്കാക്കാം. നിയമസഭ തെരഞ്ഞെടുപ്പില്‍ നൂറിലധികം സീറ്റ് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഉമ്മന്‍ചാണ്ടി യുഡിഎഫ് നേതൃസ്ഥാനത്തേക്ക് വരുന്ന കാര്യം പാര്‍ട്ടി തീരുമാനിക്കുമെന്നും തദ്ദേശ തെരഞ്ഞെടുപ്പ് ഫലം ഒറ്റക്കെട്ടായി നില്‍ക്കണമെന്ന സന്ദേശമാണ് നല്‍കുന്നതെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.