തിരുവല്ല: കുടകിലെ റിസോര്‍ട്ടില്‍ മുറിയെടുത്ത ശേഷം മകളെ കൊലപ്പെടുത്തി തൂങ്ങി മരിച്ചത് തിരുവല്ല മാര്‍ത്തോമ്മ കോളജിലെ അസിസ്റ്റന്റ് പ്രൊഫസറും ഭര്‍ത്താവും. കല്ലൂപ്പാറ സ്വദേശിനി ജിബി ഏബ്രഹാം (38), തിരുവല്ലയില്‍ എഡ്യൂക്കേഷന്‍ കണ്‍സള്‍ട്ടന്‍സി നടത്തുന്ന ഭര്‍ത്താവും വിമുക്തഭടനും കൊല്ലം സ്വദേശിയുമായ വിനോദ് ബാബുസേനന്‍ (43), ജിബിയുടെ ആദ്യ വിവാഹത്തിലുള്ള മകള്‍ ജെയിന്‍ മരിയ ജേക്കബ് (11) എന്നിവരാണ് മരിച്ചത്. കുടക് ജില്ലയിലെ മടിക്കേരിക്ക് സമീപം കഗോഗ്ഡ്‌ലു ലോസോ അരിഗോ റിസോര്‍ട്ടിലെ കോട്ടേജില്‍ ശനിയാഴ്ച രാവിലെ ഹോട്ടല്‍ ജോലിക്കാരാണ് മൃതദേഹം കണ്ടത്. ജെയിനെ കൊലപ്പെടുത്തിയ ശേഷം വിനോദും ജിബിയും തൂങ്ങി മരിക്കുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. സാമ്പത്തിക ബാധ്യത കാരണമാണ് മരിക്കുന്നതെന്നുള്ള ആത്മഹത്യാക്കുറിപ്പും കണ്ടെത്തി.
വെള്ളിയാഴ്ച വൈകിട്ട് ആറിനാണ് എസ്‌യുവിയിലെത്തിയ മൂന്നംഗ കുടുംബം റിസോര്‍ട്ടില്‍ മുറിയെടുത്തത്. കുറച്ചു നേരം ഇവര്‍ റിസോര്‍ട്ട് ചുറ്റി നടന്ന് കണ്ടിരുന്നുവെന്ന് മാനേജര്‍ ആനന്ദ് പൊലീസിന് മൊഴി നല്‍കി. പുറത്തുള്ള കടയില്‍ പോയ മൂവരും തിരിച്ചെത്തി അത്താഴം കഴിച്ച് കോട്ടേജിലേക്ക് മടങ്ങി. ശനിയാഴ്ച രാവിലെ 10 ന് തങ്ങള്‍ ചെക്കൗട്ട് ചെയ്യുമെന്ന് ജീവനക്കാരോട് പറഞ്ഞിരുന്നു. പിറ്റേന്ന് രാവിലെ 10 മണി കഴിഞ്ഞിട്ടും ഇവരെ പുറത്തേക്ക് കാണാതെ വന്നപ്പോള്‍ ജീവനക്കാര്‍ നടത്തിയ പരിശോധനയിലാണ് വിനോദും ജിബിയും തൂങ്ങി നില്‍ക്കുന്നത് കണ്ടത്. വിനോദിന്റെയും ജിബിയുടെയും രണ്ടാം വിവാഹമാണ്. ജിബി ജനിച്ചതും വളര്‍ന്നതും ഗള്‍ഫിലാണ്. കാസര്‍കോഡ് സ്വദേശിയുമായി വിവാഹം കഴിഞ്ഞതിന് ശേഷം ബംംഗളൂരുവില്‍ കഴിയുകയായിരുന്നു. ഭര്‍ത്താവില്‍ നിന്ന് ശാരീരികവും മാനസികവുമായ പീഡനം ഏല്‍ക്കേണ്ടി വന്നപ്പോള്‍ വിവാഹ മോചനം നേടി നാട്ടിലേക്ക് വന്നു. മകള്‍ക്ക് അന്ന് മൂന്നു വയസായിരുന്നു. ഗള്‍ഫിലായിരുന്ന മാതാപിതാക്കളും ഇതേ തുടര്‍ന്ന് നാട്ടിലേക്ക് വന്നിരുന്നു.
എട്ടുവര്‍ഷം മുന്‍പാണ് തിരുവല്ല മാര്‍ത്തോമ്മ കോളജില്‍ സെല്‍ഫ് ഫിനാന്‍സിങ് കോഴ്‌സായ എം.എസ്.സി ബയോടെക്‌നോളജിയില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ആയി ചേര്‍ന്നത്. മൂന്നു വര്‍ഷം മുന്‍പ് കാനഡയിലേക്ക് പോകുന്നതിന് വേണ്ടി ശ്രമം തുടങ്ങി. ഇത് നടക്കാതെ വന്നപ്പോള്‍ അയര്‍ലന്‍ഡിലേക്ക് പോകുന്നതിന് നീക്കം തുടങ്ങി. തിരുവല്ലയില്‍ എഡ്യൂക്കേഷന്‍ കണ്‍സള്‍ട്ടന്‍സി നടത്തുന്ന വിനോദിനെയാണ് ഇതിന് വേണ്ടി സമീപിച്ചത്. ഇവര്‍ തമ്മിലുള്ള പരിചയം കഴിഞ്ഞ മേയ് മാസത്തിലാണ് വിവാഹത്തിലെത്തിയത്. ജിബി വിനോദിനെ രജിസ്റ്റര്‍ വിവാഹം കഴിക്കുകയായിരുന്നു. ജിബിയുടെ വീട്ടുകാര്‍ക്ക് ഇക്കാര്യത്തില്‍ എതിര്‍പ്പുണ്ടായിരുന്നു. തിരുവല്ല ജോയ് ആലുക്കാസിന് സമീപമുള്ള ഫ്‌ളാറ്റിലാണ് വിനോദും ജിബിയും മകളുമായി കഴിഞ്ഞിരുന്നത്.
വിനോദിന്റെ കണ്‍സള്‍ട്ടന്‍സിയില്‍ ജിബി പാര്‍ട്ട്ണര്‍ കൂടിയായിരുന്നു. ജിബിയുടെ മകള്‍ ഏഴാം ക്ലാസിലാണ് പഠിക്കുന്നത്. കനേഡിയന്‍ വിസയുമായി ബന്ധപ്പെട്ട് ഉദ്യോഗാര്‍ഥികളില്‍ നിന്ന് വിനോദ് വാങ്ങിയ പണം മറ്റാരോ തട്ടിച്ചെടുത്തുവെന്ന് സൂചനയുണ്ട്. ഇതേ തുടര്‍ന്ന് കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ടുവെന്നാണ് വിവരം. വിനോദും ജിബിയും വിവാഹം കഴിച്ചത് അടുത്ത ബന്ധുക്കള്‍ക്ക് മാത്രമാണ് അറിവുണ്ടായിരുന്നത്. ആത്മഹത്യാ വാര്‍ത്ത പുറത്തു വരുമ്പോഴാണ് സഹപ്രവര്‍ത്തകര്‍ പോലും ജിബിയുടെ രണ്ടാം വിവാഹം നടന്ന കാര്യം അറിയുന്നത്. വിനോദ് സൈന്യത്തില്‍ നിന്ന് വിരമിച്ചയാളാണ്. ഇയാള്‍ക്ക് ആദ്യ വിവാഹത്തില്‍ ഭാര്യയും ഒരു മകളുമുണ്ട്. ഇവര്‍ കാനഡയിലാണുള്ളതെന്നാണ് പറഞ്ഞിരിക്കുന്നത്. കഴിഞ്ഞ മാസം പരീക്ഷാ ഡ്യൂട്ടിയ്ക്ക് എത്തിയിരുന്നതായി ജിബിയുടെ അടുത്ത സുഹൃത്തുക്കള്‍ പറയുന്നു. ഒരാഴ്ച മുന്‍പ് ഡല്‍ഹിയിലേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് ലീവ് എടുത്തത്. ഇപ്പോള്‍ ഇവരുടെ മരണ വാര്‍ത്തയറിഞ്ഞ ഞെട്ടലിലാണ് സഹപ്രവര്‍ത്തകര്‍.