ന്യൂഡല്‍ഹി : സംസ്ഥാനത്ത് മുഖ്യമന്ത്രി ഗവര്‍ണര്‍ പോര് മുറുകുന്നു. മുഖ്യമന്ത്രി തന്റെ കത്തിന് പ്രതികരിച്ചിരുന്നില്ലെന്നും ഇപ്പോഴെങ്കിലും പ്രതികരണം ഉണ്ടായതില്‍ സന്തോഷമുണ്ടെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍ പറഞ്ഞു. രാജ്യവിരുദ്ധ പ്രവര്‍ത്തനവും രാജ്യത്തിന് എതിരായ കുറ്റകൃത്യങ്ങളും ഒന്നല്ലേയെന്നും ഇവ തമ്മിലെന്താണ് വ്യത്യാസം എന്നും അദ്ദേഹം മാധ്യമങ്ങളോട് ചോദിച്ചു. എങ്കിലും മുഖ്യമന്ത്രിക്ക് സ്വന്തം അഭിപ്രായം പറയാന്‍ സ്വാതന്ത്രമുണ്ടെന്നും അദ്ദേഹം പറയുന്നതിനുള്ള ഉത്തരവാദിത്തം അദ്ദേഹത്തിനാണെന്നും ഗവര്‍ണര്‍ പറഞ്ഞു. കത്ത് ഇന്നലെ വന്നെന്ന് കേട്ടു. രണ്ടാമത്തെ കത്ത് വായിച്ചിട്ടില്ല. ഇപ്പോഴെങ്കിലും മറുപടി നല്‍കിയതില്‍ സന്തോഷം.
രാജ്യ വിരുദ്ധ പ്രവര്‍ത്തനവും രാജ്യത്തിനെതിരെയുള്ള കുറ്റകൃത്യവും എങ്ങനെയാണ് വ്യത്യാസപ്പെട്ടിരിക്കുന്നത്. ഇവ രണ്ടും ഒന്നാണ്. കഴിഞ്ഞ മൂന്ന് വര്‍ഷമായി രാജ്യത്തിനെതിരായ കുറ്റകൃത്യങ്ങള്‍ നടക്കുന്നുവെന്ന് മുഖ്യമന്ത്രി പറയുമ്പോള്‍ എന്റെ സ്ഥാനത്താണ് നിങ്ങളെങ്കില്‍ നിങ്ങളെന്ത് പറയും. എല്ലാ കാര്യങ്ങളും നിയമത്തിനും ഭരണഘടനയ്ക്കും അതീതമായിരിക്കണം. അതിനനുസരിച്ച് പ്രവര്‍ത്തിക്കണം. പക്ഷേ അങ്ങനെ ചെയ്യുമ്പോള്‍ ആളുകള്‍ എന്നോട് ഇടയുന്നു ഗവര്‍ണര്‍ പറഞ്ഞു. പോലീസ് വെബ്‌സൈറ്റില്‍ ഉണ്ടെന്ന് പറഞ്ഞ് ഗവര്‍ണര്‍ ഉയര്‍ത്തിക്കാട്ടിയ കാര്യങ്ങള്‍ തെറ്റാണെന്നും തനിക്ക് ഒന്നും മറയ്ക്കാനില്ലെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ കത്തില്‍ പറയുന്നത്. കത്തില്‍ പറയാത്ത കാര്യങ്ങള്‍ ഗവര്‍ണര്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറഞ്ഞു. താന്‍ പറയാത്ത കാര്യങ്ങളാണ് പ്രസിദ്ധീകരിച്ചതെന്ന് ദ ഹിന്ദു ദിനപത്രം തന്നെ വ്യക്തമാക്കിയിട്ടുണ്ട്. സ്വര്‍ണം കടത്തുമായി ബന്ധപ്പെട്ട് താന്‍ നടത്തിയത് രാജ്യ വിരുദ്ധ ശക്തികള്‍ ഇത്തരം സാഹചര്യം മുതലാക്കുന്നതിനെ കുറിച്ചാണ്. പോലീസിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ അത്തരത്തില്‍ ഒരു കാര്യവുമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.