പത്തനംതിട്ട : നെടുമ്പ്രം പഞ്ചായത്ത് നിവാസികള്‍ക്ക് വ്യവസായവകുപ്പ് മന്ത്രി പി രാജീവിന്റെ കരുതല്‍ തുണയായി. പഞ്ചായത്തില്‍ പൊതു ശ്മശാനമെന്ന ഭരണ സമിതിയുടെ ആവശ്യം തിരുവല്ല താലൂക്ക് അദാലത്തില്‍ മുന്നിലെത്തി. നാലായിരത്തിലധികം ജനസംഖ്യയുള്ള പഞ്ചായത്തില്‍ ഈ ആവശ്യത്തിന് കാല്‍ നൂറ്റാണ്ടോളമുണ്ട് പഴക്കം. തടസങ്ങള്‍ പലവഴി വന്നു. അവസാന കടമ്പയായി മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അനുമതി. മന്ത്രി പി രാജീവില്‍ നിന്നും അനുമതിപത്രം ഏറ്റുവാങ്ങുമ്പോള്‍ പഞ്ചായത്ത് പ്രസിഡന്റ് ടി പ്രസന്ന കുമാരിയും വൈസ് പ്രസിഡന്റ് ശൈലേഷ് മങ്ങാടും നാടിന്റെ ആവശ്യ പൂര്‍ത്തീകരണത്തിന്റെ ആഹ്‌ളാദമാണ് പങ്കിട്ടത്. 2009 ല്‍ നെടുമ്പ്ര മണക്കാശേരി ആശുപത്രിക്ക് സമീപം ശ്മശാനത്തിനായി പഞ്ചായത്ത് 60 സെന്റ് സ്ഥലം വാങ്ങി. നിര്‍മാണത്തിന് ജില്ലാ കലക്ടറുടെയും ആരോഗ്യ വകുപ്പിന്റെയും അനുമതി ലഭിച്ചെങ്കിലും മലിനീകരണ നിയന്ത്രണ ബോര്‍ഡ് എതിര്‍ത്തു. 60സെന്റില്‍ വയല്‍ ഉള്‍പ്പെട്ടതായിരുന്നു തടസവാദം. എന്നാല്‍ ശ്മശാനം പൂര്‍ണമായും കരഭൂമിയിലും വഴിക്കായി മാത്രമാണ് വയല്‍ ഉപയോഗിച്ചത് എന്നായിരുന്നു പഞ്ചായത്തിന്റെ നിലപാട്.
കരഭൂമിയും വയലും രണ്ട് വ്യത്യസ്ത സര്‍വേ നമ്പറുകളിലായിരുന്നു. ഇതോടെ ജനപക്ഷത്ത് നിന്ന് തീരുമാനമെടുക്കാന്‍ മന്ത്രി നിര്‍ദേശിച്ചു. തടസങ്ങളകന്നതോടെ ഇംപാക്ട് കേരള വഴി കിഫ് ബിയില്‍ നിന്നും ഫണ്ട് കണ്ടെത്തി നിര്‍മാണം ഉടന്‍ ആരംഭിക്കാനുള്ള ശ്രമത്തിലാണ് പഞ്ചായത്ത്. തിരുവല്ല അദാലത്ത് മുത്തൂര്‍ ശ്രീ ഭദ്ര ഓഡിറ്റോറിയത്തില്‍ ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ് ഉദ്ഘാടനം ചെയ്തു. വ്യവയായ വകുപ്പ് മന്ത്രി പി.രാജീവ് മുഖ്യസാന്നിദ്ധ്യമായി. പരാതികള്‍ അതിവേഗം തീര്‍പ്പാക്കുന്നതിനായി ഉദ്ഘാടന ചടങ്ങിലെ പ്രസംഗം ഒഴിവാക്കിയിരുന്നു.
മാത്യു ടി.തോമസ് എം.എല്‍.എ അധ്യക്ഷനായി. തദ്ദേശസ്വയംഭരണ സ്ഥാപന ഭാരവാഹികള്‍, ജില്ലാ കലക്ടര്‍ എസ്. പ്രേം കൃഷ്ണന്‍, സബ് കലക്ടര്‍ സുമീത് കുമാര്‍ ഠാക്കൂര്‍, എ.ഡി.എം ബി. ജ്യോതി, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. വേദിയില്‍ മുന്‍ഗണനാ റേഷന്‍ കാര്‍ഡ് വിതരണം മന്ത്രിമാര്‍ നടത്തി.