കോന്നി : അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തിൽ വിനോദ സഞ്ചാരികൾ കുട്ടവഞ്ചിയിൽ കയറുന്നതിനായി കടവിൽ സ്ഥാപിച്ചിരിക്കുന്ന മുളചെങ്ങാടം നാശാവസ്ഥയിൽ. മൂന്ന് വർഷത്തോളമായി ചെങ്ങാടം അറ്റകുറ്റപണികൾ നടത്തി നവീകരിക്കുകയോ പുതിയത് സ്ഥാപിക്കുകയോ ചെയ്തിട്ട്. സാധാരണ ഒരുവർഷം കഴിയുമ്പോൾ അറ്റകുറ്റപണികൾ നടത്തി നവീകരിക്കുകയോ പുതിയത് സ്ഥാപിക്കുകയോ ചെയ്യാറുണ്ട്. നാല് അടുക്കുകൾ ആയാണ് ചെങ്ങാടം നിർമ്മിച്ചിരിക്കുന്നത്. എപ്പോഴും വെള്ളത്തിൽ കിടക്കുന്ന ചെങ്ങാടം കാലപഴക്കം മൂലം ദ്രവിച്ച് ഒടിഞ്ഞ് തുടങ്ങിയിട്ടുണ്ട്. ചെങ്ങാടത്തിന്‍റെ മുള ഇടഭാഗത്ത് ഒടിഞ്ഞ് മാറി വലിയ വിടവ് രൂപപ്പെട്ടിട്ടുമുണ്ട്.
കുട്ടവഞ്ചിയില്‍ കയറുന്ന വിനോദ സഞ്ചാരികളുടെ കാലുകൾ ഇതിനുള്ളിൽ കുടുങ്ങുന്നതിനും ഇത് കാരണമാകും. വനത്തിൽ മുള കിട്ടാനില്ലാത്തത്തതാണ് പുതിയ ചെങ്ങാടം സ്ഥാപിക്കുവാൻ വൈകുന്നതെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം. എന്നാൽ മുള ലഭ്യമല്ലെങ്കിൽ താത്കാലിക പരിഹാരം എന്ന നിലയിൽ അപകടാവസ്ഥയിലായ ചെങ്ങാടം ബലപ്പെടുത്താൻ പോലും ബന്ധപ്പെട്ടവർ തയ്യാറായിട്ടില്ല. ഓണനാളുകളിൽ ലക്ഷകണക്കിന് രൂപയായിരുന്നു അടവികുട്ടവഞ്ചി സവാരി കേന്ദ്രത്തിലെ വരുമാനം. എന്നാൽ വെള്ളം കയറുന്ന ചെങ്ങാടം പോലും പുന:സ്ഥാപിക്കുവാൻ ബന്ധപ്പെട്ടവർ തയ്യാറാകാത്തതിൽ സഞ്ചാരികളിൽ നിന്നും വലിയ പ്രതിഷേധം ഉയരുന്നുണ്ട്. വെള്ളം കയറുന്ന ഭാഗത്തെ മണൽ നീക്കം ചെയ്ത് ആഴം കൂട്ടിയിട്ടുള്ളതിനാൽ ആളുകൾ കയറുമ്പോൾ ചങ്ങാടം ഒടിഞ്ഞാൽ വലിയ അപകടം സംഭവിക്കുന്നതിനും കാരണമാകും. താത്കാലിക ചെങ്ങാടങ്ങൾക്ക് പകരം കടവിൽ പടവുകൾ നിർമ്മിക്കണം എന്ന ആവശ്യവും ഉയരുന്നുണ്ട്.