റാന്നി : അത്തിക്കയം-കടുമീൻചിറ റോഡിൽ സംരക്ഷണഭിത്തി ഇടിഞ്ഞതിനെത്തുടർന്ന് ഗതാഗതം നിരോധിച്ച കൊച്ചുപാലത്തിന്റെ പണി ഇനിയും തുടങ്ങിയില്ല. ജൂലായ് പകുതിയോടെ നിർമാണം ആരംഭിക്കുമെന്ന് പറഞ്ഞിരുന്നങ്കിലും അനിശ്ചിതമായി നീളുകയാണ്. പണിതുടങ്ങാൻ വൈകുന്നതിനാൽ വാഹനങ്ങൾ അപകടാവസ്ഥയിലുള്ള പാലത്തിലൂടെ പോകുകയാണ്. നേരത്തേ ഈ റോഡിനും പാലം പുതുക്കി പണിയാനും ഫണ്ട് അനുവദിക്കുകയും റോഡുപണി ഏതാണ്ട് പൂർത്തിയാക്കുകയും ചെയ്തിരുന്നു. എന്നാൽ, പാലം പുനർനിർമാണം നടന്നില്ല. ഇതിനിടയിലാണ് പാലത്തിന്റെ സംരക്ഷണഭിത്തിയുടെ ഭാഗം ഇടിഞ്ഞത്.
ജൂലായ് രണ്ടിന് രാത്രിയാണ് അത്തിക്കയം ടൗണിനോടുചേർന്ന് കരണംകുത്തി തോടിന് കുറുകെയുള്ള പാലത്തിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞുവീണത്. തുടർന്ന് ഇതുവഴിയുള്ള ഗതാഗതം താത്കാലികമായി നിരോധിച്ചു. റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി 3.5 കോടി രൂപയാണ് റോഡിനും പുതിയ പാലം നിർമാണത്തിനുംകൂടി അനുവദിച്ചത്. 1.8 കിലോമീറ്റർ ദൂരമുള്ള കടുമീൻചിറ റോഡിന്റെ നിർമാണം ഏതാണ്ട് പൂർത്തിയാക്കി. റോഡുപണികളും പലതവണ മുടങ്ങിയിരുന്നു. നാട്ടുകാർ സമരപരിപാടികളുമായി രംഗത്തെത്തുമ്പോഴായിരുന്നു പണി പുനരാരംഭിക്കുന്നത്.