അടൂർ : കാർഷിക പൈതൃകത്തിന്റെ ഓർമകൾ ഉണർത്തി ആറ്റുവാശ്ശേരി കളത്തട്ട് പഴമയുടെ പ്രൗഢി വിളിച്ചോതുന്നു. 100 വർഷത്തിലധികം പഴക്കമുള്ള കളത്തട്ടിൽ ഇപ്പോഴും ആൾക്കാരെത്തി കാറ്റേറ്റിരിക്കാറുണ്ട്. കല്ലടയാറിന്റെ സമീപത്തായതിനാൽ എപ്പോഴും വീശിയടിക്കുന്ന കാറ്റാണിവിടെ. തിരക്കിൽനിന്ന് വിട്ടുമാറി ഗ്രാമാന്തരീക്ഷത്തിൽ സ്ഥിതി ചെയ്യുന്ന ഇവിടെ വിശ്രമിക്കാൻ ദൂരെ നിന്ന് ആൾക്കാർ എത്താറുണ്ട്. ഒരു കാലത്ത് വയൽ വാണിഭം നടന്നിരുന്ന ഇവിടെ ഉരുക്കൾക്ക് വെള്ളം കൊടുത്തിരുന്ന കൽത്തൊട്ടിയും ഉണ്ട്. കുളക്കട പഞ്ചായത്തിലെ എട്ടോളം കളത്തട്ടുകളിൽ ഏറെ പഴക്കമുള്ള ഏക ഓലമേഞ്ഞ കളത്തട്ടാണിത്. പ്രളയത്തിൽ മുങ്ങിയെങ്കിലും അതിനെയെല്ലാം അതിജീവിച്ച് തലയുയർത്തി നില്ക്കുകയാണ് ഇത്. ആറ്റുവാശ്ശേരി ഞാങ്കടവ് റോഡിന്റെ ഒരു വശത്തായാണ് ഇത് സ്ഥിതി ചെയ്യുന്നത്.
വർഷങ്ങൾക്ക് മുമ്പ് കൃഷിയും കാർഷിക വിളകളാലും സമൃദ്ധമായിരുന്ന പ്രദേശമായിരുന്നു ഇവിടം. ഉരുക്കളെ എത്തിച്ച് വില്പന നടത്തിയിരുന്ന സ്ഥലമാണെന്നതിനാൽ ഈ സ്ഥലത്തെ ‘കാളവയൽ’ എന്ന് അറിയപ്പെടുന്നു. കണിയാംപൊയ്ക ക്ഷേത്രത്തിന് സമീപമാണ് കളത്തട്ട്. കൊല്ലം ജില്ലയിലെ വിവിധ പ്രദേശങ്ങളിൽനിന്ന് മണ്ണടി ക്ഷേത്രത്തിലെ ഉച്ചബലി ഉത്സവത്തിനായി നടന്നെത്തുന്ന ഭക്തർ ഇവിടെ വിശ്രമിച്ചിരുന്നു. ദാഹമകറ്റാൻ മോരും വെള്ളം നൽകുന്ന പതിവും ഉണ്ടായിരുന്നു. ഇപ്പോഴും കണിയാംപൊയ്ക ശ്രീ ഭഗവതി ക്ഷേത്രത്തിലെ ഉത്സവ ദിവസവും മണ്ണടി ഉച്ചബലി ഉത്സവത്തിനും ഭക്തർക്ക് മോരും വെള്ളം നല്കുന്നുണ്ട്. തടികൊണ്ടുള്ള മേൽക്കൂരയും കൊത്തുപണികളുള്ള ഒറ്റക്കൽ തൂണുകളും ഒക്കെ ചരിത്രത്തിലേക്ക് വെളിച്ചം വീശുന്നവയാണ്. ഇത് നിർമിച്ചിരിക്കുന്ന കല്ലുകളിൽ പഴയലിബികൾ കൊത്തിവെച്ചിരിക്കുന്നതും കാണാം. പഞ്ചായത്തിലെ നിലവിലുള്ള ഏഴ് കളത്തട്ടുകളുടെയും മേൽക്കൂഓട് മേഞ്ഞതാണ്.