തളിപ്പറമ്പ്: നിര്‍ത്തിയിട്ട കാറില്‍ നിന്നും മോഷ്ടിച്ച എ.ടി.എം കാര്‍ഡ് ഉപയോഗിച്ച് 70,000 രൂപ തട്ടിയെടുത്ത യുവാവ് അറസ്റ്റില്‍. പുളിമ്പറമ്പ് ലക്ഷം വീട് കോളനിയിലെ ഗോകുലാണ് (22) അറസ്റ്റിലായത്. തെളിവെടുപ്പിനിടെ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതി സ്കൂട്ടിയില്‍ തട്ടി വീഴുകയും പോലീസ് പിന്തുടര്ന്ന് പിടികൂടുകയും ചെയ്തു.
ഏപ്രില്‍ ഒന്നിനായിരുന്നു കേസിനാസ്പദ സംഭവം. താഴെ ബക്കളത്തെ സ്നേഹ ഇന്ബാറിന് മുന്‍വശം നിര്‍ത്തിയിട്ട ചൊക്ലി ഒളവിലത്തെ മനോജ്കുമാറിന്റെ കെ.എല്‍ 58 എ.എ 5720 കാറില്‍ നിന്നും പ്രതി എ.ടി.എം കാര്‍ഡ് മോഷ്ടിച്ച് കടന്നുകളയുകയായിരുന്നു. മോഷ്ടിച്ച എ.ടി.എം കാര്‍ഡ് ഉപയോഗിച്ച് രണ്ട് തവണയായി 5000 വീതവും ഒരു തവണ 60,000 രൂപയുമാണ് പിന്‍വലിച്ചത്. കാര്‍ഡിന്റെ പിറകില്‍ പിന് നമ്പര്‍ രേഖപ്പെടുത്തിയതിനാല്‍ പണം പിന്‍വലിക്കാന്‍ പ്രതിക്ക് എളുപ്പമായി.
60,000 രൂപക്ക് തളിപ്പറമ്പിലെ ഒരു കടയില്‍ നിന്നും ഐഫോണ്‍ വാങ്ങുകയും മറ്റൊരു കടയില്‍ അത് മറിച്ചു വില്‍ക്കുകയും ചെയ്തു. മനോജ് കുമാറിന്റെ പരാതിയില്‍ സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്നാണ് പ്രതിയെ തിരിച്ചറിഞ്ഞത്. വെള്ളിയാഴ്ച രാത്രി കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നുമാണ് ഗോവയിലേക്ക് രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ പോലീസ് പിടികൂടിയത്. ശനിയാഴ്ച രാവിലെ തളിപ്പറമ്പില്‍ തെളിവെടുപ്പ് നടത്തുന്നതിനിടെ വാഹനത്തില്‍ നിന്നും ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതി ചപ്പാരപ്പടവ് സ്വദേശിനിയായ പി.പി. ഷറീജ (28) യുടെ സ്കൂട്ടറില്‍ തട്ടിയാണ് വീണത്. പിന്തുടര്ന്നെത്തിയ പോലീസ് പ്രതിയെ പിടികൂടുകയും ചെയ്തു.
പരിക്കേറ്റ യുവതിയെയും പ്രതിയെയും ആശുപത്രിയില്‍ എത്തിച്ച് പ്രഥമ ശുശ്രൂഷ നല്കി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. തളിപ്പറമ്പ് ഡിവൈ.എസ്.പി കെ.ഇ. പ്രേമചന്ദ്രന്റെ നിര്‍ദേശപ്രകാരം സി.ഐ വി. ജയകുമാര്‍, എസ്.ഐ പുരുഷോത്തമന്, സിവില്‍ പോലീസ് ഓഫീസര്‍മാരായ ഇ.എന്‍. ശ്രീകാന്ത്, സി. പുഷ്പജന്‍, പ്രകാശന് തുടങ്ങിയവരും പ്രതിയെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു.