കോട്ടയം: പാലായിലെ എസിബിഐ എടിഎമ്മില്‍ നിന്നും പണം പിന്‍വലിച്ച അധ്യാപികയ്ക്ക് 500 രൂപയ്ക്ക് പകരം മെഷീന്‍ നല്‍കിയത് 10,000 രൂപ. അങ്കണവാടി അധ്യാപികയായ ലിസിയ്ക്കാണ് 10,000 രൂപ ലഭിച്ചത്. അധികമുള്ള തുക ബാങ്ക് അധികൃതര്‍ക്ക് തിരികെ നല്‍കി അങ്കണവാടി അധ്യാപിക മാതൃകയായി. വ്യാഴാഴ്ചയാണ് സംഭവം.
കരൂര്‍ പഞ്ചായത്തിലെ വലവൂര്‍ വേരനാനല്‍ അങ്കണവാടി അധ്യാപിക ലിസി കാട്ടകത്ത് പാലാ സിവില്‍ സ്റ്റേഷന്‍ പരിസരത്തുള്ള എസ്ബിഐയുടെ എടിഎമ്മിലൂടെ പണം പിന്‍വലിച്ചപ്പോഴാണ് സംഭവം. എന്നാല്‍ കൂടുതല്‍ തുക ലഭിച്ച് ആശങ്കയിലായ ലിസി എടിഎമ്മിന് പുറത്തിറങ്ങിയപ്പോള്‍ കണ്ടുമുട്ടിയ ളാലം ബ്ലോക്ക് പഞ്ചായത്തംഗം ജോര്‍ജ് നടയത്തിനോട് വിവരം പറഞ്ഞു.
ഇതിനുപിന്നാലെ ജോര്‍ജ് വിളിച്ചറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ എസ്ബിഐ അധികൃതര്‍ അധിക തുക കൈപ്പറ്റാന്‍ ആദ്യം തയ്യാറായില്ല. ബാങ്ക് ശാഖയില്‍ തുക എത്തിക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ ബ്ലോക്ക് അംഗവും നാട്ടുകാരും പ്രതിഷേധിച്ചതിനെ തുടര്‍ന്ന് തുക കൈപ്പറ്റുകയും രസീത് നല്‍കുകയും ചെയ്യുകയായിരുന്നു.