കോന്നി: അട്ടച്ചാക്കൽ വഞ്ചിപ്പടിയിലെ അപകട വളവിൽ കെ.യു.ജനീഷ് കുമാർ എം.എൽ.എയും ജനപ്രതിനിധികളും, പൊതുമരാമത്ത്, പോലീസ് ഉദ്യോഗസ്ഥരും സംയുക്ത പരിശോധന നടത്തി. അപകടത്തിൽ പെട്ട് ഇന്നലെ യുവാവ് മരിക്കുകയും മറ്റു നിരവധി അപകടങ്ങൾ ഉണ്ടാകുകയും ചെയ്ത സാഹചര്യത്തിലാണ് കോന്നി എം.എല്‍.എയുടെ അടിയന്തിര ഇടപെടല്‍ ഉണ്ടായത്.
വളവിൽ വീതി കൂട്ടാൻ പൊതുമരാമത്ത് ഉദ്യോഗസ്ഥർക്ക് എം.എൽ.എ നിർദ്ദേശം നല്കി. ഇന്നുതന്നെ അതിനാവശ്യമായ എസ്റ്റിമേറ്റ് തയ്യാറാക്കി സമർപ്പിക്കണം. വളവിനു സമീപത്തുള്ള പാലം വീതി കൂട്ടിയെങ്കിലും ഉയർന്ന് നിൽക്കുന്നത് അപകടാവസ്ഥയ്ക്ക് കാരണമാകുന്നു. ഇവിടെ കോൺക്രീറ്റ് ചെയ്ത് റോഡ് ലെവലാക്കും. കാഴ്ചയ്ക്ക് തടസ്സമായ മരങ്ങൾ കോതുകയോ, മുറിക്കുകയോ ചെയ്യും. വളവു കഴിഞ്ഞുള്ള കയറ്റത്തിൽ പൈപ്പ് ലൈൻ സ്ഥാപിച്ചതിനെ തുടർന്ന് ഉണ്ടായ അപകടകരമായ കുഴികൾ നികത്തും. പൊതുമരാമത്ത് വകുപ്പിന്റെ പണികൾ നടക്കുന്നതു വരെ വാഹനങ്ങൾ വേഗത കുറച്ച് പോകുന്നതിന് ബാരിക്കേഡ് ഉപയോഗിച്ച് സ്പീഡ് ബ്രേക്കർ നാളെത്തന്നെ സ്ഥാപിക്കാൻ എം.എൽ.എ പോലീസിന് നിർദ്ദേശം നല്കി. കോന്നി – വെട്ടൂർ റോഡ് ബി.എം.ആൻറ് ബി.സി ആക്കിയപ്പോഴുള്ള അശാസ്ത്രീയതയെല്ലാം പൊതുമരാമത്ത് വകുപ്പ് പരിശോധിക്കാനും എം.എൽ.എ നിർദ്ദേശം നല്കി.
ടിപ്പർ ലോറികളുടെ അമിതവേഗവും മത്സര ഓട്ടവും നിയന്ത്രിക്കാൻ കർശന നടപടി സ്വീകരിക്കുമെന്നും എം.എൽ.എ പറഞ്ഞു. ഇതിനായി ജനപ്രതിനിധികളുടെയും, പോലീസിന്റെയും യോഗം ഉടൻ വിളിച്ചു ചേർക്കും.