പത്തനംതിട്ട : തിരുവല്ലയിൽ കരോൾ സംഘത്തിന് നേരെയുണ്ടായ ആക്രമണം ആസൂത്രിതമാണോയെന്ന് സംശയിക്കുന്നതായി എസ്ഡിപിഐ പത്തനംതിട്ട ജില്ലാ പ്രസിഡന്റ് എസ് മുഹമ്മദ് അനീഷ്. കഴിഞ്ഞ ദിവസം പാലക്കാടും ആലപ്പുഴയിലും ക്രിസ്മസ് ആഘോഷങ്ങള്‍ അലങ്കോലമാക്കാന്‍ സംഘപരിവാർ ശ്രമിച്ചിരുന്നു. അതിന്റെ തുടർച്ചയാണോ ഈ സംഭവമെന്ന് അന്വേഷിക്കണം. ഇആർസി കുമ്പനാട് ദേവാലയത്തിലെ കരോൾ സംഘത്തെയാണ് 15 പേരടങ്ങുന്ന അക്രമിസംഘം ക്രൂരമായി മർദിച്ചത്. പാസ്റ്റർ ജോൺസൻ, നെല്ലിക്കാല സ്വദേശി മിഥുൻ, സജി, ഷൈനി എന്നിവർ ഉൾപ്പെടെ എട്ടുപേർക്ക് പരിക്കേറ്റിട്ടുണ്ട്.
ഈ സംഭവം അങ്ങേയറ്റം അപലപനീയവും പ്രതിഷേധാര്‍ഹവുമാണ്. ആക്രമികളെ സാമൂഹികവിരുദ്ധരെന്ന് മുദ്രകുത്തി വിഷയത്തെ ലഘൂകരിക്കാനാണ് നീക്കം. മദ്യപാനം എന്ത് തെമ്മാടിത്തരം കാണിക്കുന്നതിനും ന്യായമായി കാണുന്നത് അങ്ങേയറ്റം അധമത്വമാണ്. ക്രൈസ്തവ സമൂഹത്തിനു നേരെയുള്ള സംഘപരിവാര ആക്രമണങ്ങള്‍ക്കെതിരേ കർശന നടപടി സ്വീകരിക്കാൻ ആഭ്യന്തരവകുപ്പ് തയ്യാറാവണം. കേരളത്തിലെ സൗഹാര്‍ദ്ദവും സമാധാനവും തകര്‍ക്കുന്ന സംഘപരിവാര ഭീകരതയ്‌ക്കെതിരേ പൊതുസമൂഹം ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്നും അദ്ദേഹം ആവശ്യപെട്ടു.