കണ്ണൂർ: മട്ടന്നൂരിൽ മൂന്ന് സിപിഎം പ്രവർത്തകർക്ക് വെട്ടേറ്റു. മട്ടന്നൂരിൽ അയ്യല്ലൂരിൽ ഇന്നലെ രാത്രി 10 മണിയോടെയാണ് ആക്രമണം ഉണ്ടായത്. ബസ് സ്റ്റോപ്പിൽ ഇരിക്കുകയായിരുന്ന പാർട്ടി പ്രവർത്തകർക്ക് നേരെ ഒരുസംഘം ആക്രമണം നടത്തുകയായിരുന്നു. സിപിഎം പ്രവർത്തകരായ ഇടവേലിക്കലിൽ സുനോബ്, റിജിൻ, ലതീഷ് എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കണ്ണൂരിലെ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രദേശത്ത് ചില തർക്കങ്ങൾ നിലനിന്നിരുന്നതായാണ് വിവരം. ഇതിനിടെ ആക്രമണം നടത്തിയത് ആർ.എസ്.എസ് ആണെന്ന് സിപിഎം ആരോപിച്ചു. പരിക്കേറ്റവരെ സിപിഎം ജില്ലാ സെക്രട്ടറി ടി.വി രാജേഷും മറ്റ് ജില്ലാ നേതാക്കളും സന്ദർശിച്ചു. സംഭവത്തിൽ മട്ടന്നൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ദിവസങ്ങൾക്ക് മുൻപും ജില്ലയിൽ സിപിഎം പ്രവർത്തകർക്ക് നേരെ ആക്രമണം ഉണ്ടായിരുന്നു. തലശേരി കുണ്ടുചിറ സായാഹ്നനഗറിൽ സിപിഎം പ്രവർത്തകരെ എട്ടംഗ സംഘം ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ നിന്നും രക്ഷപ്പെടാൻ ശ്രമിക്കവെ ഒരു പ്രവർത്തകൻ കിണറ്റിൽ വീണു. കുണ്ടുചിറ ചെമ്മൺവീട്ടിൽ സുബിനാണ് കിണറ്റിൽ വീണ് പരിക്കേറ്റത്. കുണ്ടുചിറ കുനിയിൽ സന്ദീപ്, കാളിയത്താൻ രമിത് എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്‌തു. ഇതിൽ രമിതിന് ഗുരുതര പരിക്കുകളാണുള്ളത്.