കൊല്ലം; കൊല്ലത്ത് മൈക്രോഫിനാൻസ് സ്ഥാപനത്തിലെ ജീവനക്കാരുടെ ആക്രമണത്തിൽ പരിക്കേറ്റ കുടുംബം പോലീസിന് എതിരെയും പരാതി ഉന്നയിക്കുന്നു. ഗൃഹനാഥന് തലയ്ക്ക് മാരകമായി പരിക്കേൽക്കുകയും, യുവതിയുടെ കൈയ്യിൽ മുറിവേറ്റിട്ടും ശക്തമായ വകുപ്പുകൾ ചുമത്തിയില്ലെന്നാണ് ആരോപണം. പരാതി നൽകിയതിന് പിന്നാലെ ജീവനക്കാർ പണം വാഗ്ദാനം ചെയ്തതായി കുടുംബം പറഞ്ഞു. നാട്ടുകാർ പിടികൂടി പോലീസിന് കൈമാറിയ പ്രതികൾ പോലീസ് അകമ്പടി ഇല്ലാതെ വൈദ്യ പരിശോധനയ്ക്ക് എത്തുന്ന ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു. ബുധനാഴ്ചയാണ് കരുനാഗപ്പള്ളി കല്ലേലിഭാഗത്തുള്ള മണിയുടെ വീട്ടിൽ ജെഎംജെ ഫിനാൻസിലെ ജീവനക്കാർ അതിക്രമം നടത്തിയത്. മാണിയുടെ രോഗിയായ ഭർത്താവ് രാധാകൃഷ്ണനും മകൾക്കും സാരമായി പരിക്കേറ്റിരുന്നു.
മറ്റൊരാൾ തിരിച്ചടവ് മുടക്കിയതിനാണ് മണിയുടെ വീട്ടിൽ എട്ടംഗ സംഘം ആക്രമിച്ചത്. പരാതിയിൽ ഗുരുതരമായ കാര്യങ്ങൾ പറഞ്ഞിട്ടും ശക്തമായ വകുപ്പുകൾ പോലീസ് പ്രതികൾക്കെതിരെ ചുമത്തിയില്ലെന്ന് കുടുംബത്തിന് പരാതിയുണ്ട്. നാട്ടുകാർ പിടികൂടി നൽകിയ രണ്ട് പ്രതികളെ മണിക്കൂറുകൾക്കകം സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. ഇതിനിടെ പോലീസ് കൊണ്ടുപോയ പ്രതികൾ വൈദ്യ പരിശോധനയ്ക്ക് പോലീസ് അകമ്പടിയില്ലാതെ എത്തുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. പരാതി നൽകിയതിന് പിന്നാലെ കേസ് ഒത്തുതീർപ്പാക്കാൻ നിരവധി ഇടങ്ങളിൽ നിന്നും ഇടപെടൽ ഉണ്ടായതായി കുടുംബം പറയുന്നു. പരാതിയിൽ ശക്തമായ നടപടി ആവശ്യപ്പെട്ട് നിയമനടപടിയുമായി മുന്നോട്ടു പോകാനാണ് കുടുംബത്തിന്റെ തീരുമാനം.