ന്യൂഡൽഹി : ശ്രദ്ധ കൊലക്കേസ് പ്രതി അഫ്താബ് അമീൻ പൂനാവാല സഞ്ചരിച്ച വാൻ ആക്രമിച്ചതിന് രണ്ട് പേർ അറസ്റ്റിൽ. അഫ്താബിനെ ഫോറൻസിക് ലാബിൽ നിന്ന് തിഹാർ ജയിലിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് ആക്രമണമുണ്ടായത്. പോലീസ് വാൻ ആക്രമിച്ച സംഘത്തിലെ രണ്ടുപേരെയാണ് ഡൽഹി പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. 15 അംഗ സംഘമാണ് വാഹനം ആക്രമിച്ചത്. പ്രതികളായ കുൽദീപ് താക്കൂറിനേയും നിഗം ഗുർജാറിനേയും ജഡ്ജിയ്ക്ക് മുന്നിൽ ഹാജരാക്കുകയും ജയിലിലേക്ക് അയക്കുകയും ചെയ്തു. ബാക്കിയുള്ള പ്രതികളെ തിരിച്ചിയുമെന്നും അറസ്റ്റ് ഉടൻ ഉണ്ടാകുമെന്നും പോലീസ് അറിയിച്ചു. അതേസമയം ഇന്നലെയുണ്ടായ ആക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ ഫോറൻസിക് സയൻസ് ലബോറട്ടറിക്ക് പുറത്ത് അതിർത്തി രക്ഷാ സേന (ബിഎസ്എഫ്) ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്.
തിങ്കളാഴ്ച വൈകുന്നേരം ഡൽഹിയിലെ രോഹിണി ഏരിയയിലെ ഫോറൻസിക് സയൻസ് ലാബിന് പുറത്തുവെച്ചാണ് ആക്രമണമുണ്ടായത്. നുണ പരിശോധനയ്ക്ക് വിധേയനായ ലാബിൽ നിന്ന് അഫ്താബിനെ പുറത്തെത്തിച്ച സമയത്താണ് ആക്രമണം ഉണ്ടാകുന്നത്. അക്രമികൾ കൈകളിൽ വാളുമായി എത്തി വാഹനത്തെ പിന്തുടരുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. വാഹനത്തിന് സമീപം തടിച്ചുകൂടിയ ആളുകളെ നിയന്ത്രിക്കാൻ സ്ഥലത്ത് നിലയുറപ്പിച്ച പോലീസുകാർക്ക് ആകാശത്തേക്ക് വെടിവെക്കേണ്ടി വന്നു. ഗുരുഗ്രാമിൽ നിന്ന് വന്ന 15 പേരടങ്ങുന്ന സംഘമാണ് തങ്ങളെന്ന് പോലീസ് കൊണ്ടുപോകുന്നതിനിടെ വാഹനം ആക്രമിച്ചവരിൽ ഒരാൾ പറഞ്ഞു. ‘അവൻ (ആഫ്താബ്) ഞങ്ങളുടെ സഹോദരിയെ കൊന്ന് 35 കഷ്ണങ്ങളാക്കി. ഞങ്ങൾ അവനെ 70 കഷ്ണങ്ങളാക്കും,’ ഒരാൾ പറഞ്ഞു.