കോട്ടയം: കുമാരനല്ലൂരില്‍ ഭര്‍ത്താവും ഗുണ്ടാ സംഘവും ചേര്‍ന്ന് യുവതിയുടെ വീട് അക്രമിച്ചതായി പരാതി. കോട്ടയം കുമാരനല്ലൂര്‍ പുതുക്കുളങ്ങര വീട്ടില്‍ വിജയകുമാരി അമ്മയുടെ വീടാണ് ആക്രമിച്ചത്.വിജയ കുമാരിയമ്മയുടെ മൂത്ത മകളുടെ ഭര്‍ത്താവും സംഘമാണ് വീട് അക്രമിച്ചതെന്നാണ് പരാതിയില്‍ പറയുന്നത്. സ്ത്രീധനത്തെ ചൊല്ലിയുളള തര്‍ക്കമാണ് അക്രമത്തിന് കാരണമായതെന്നും യുവതിയുടെ അമ്മ വിജയകുമാരി വ്യക്തമാക്കി.
ഇന്നലെ ജനുവരി 22 ഞായറാഴ്ച വൈകിട്ടോട് കൂടിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുമാരനല്ലൂരിലെ വീട്ടിലെത്തിയ തിരുവല്ല മുത്തൂര്‍ സ്വദേശിയായ യുവതിയുടെ ഭര്‍ത്താവ് സന്തോഷും ഒപ്പമുണ്ടായിരുന്നവരും വീടിന്റെ ജനല്‍ ചില്ലുകള്‍ അടിച്ചു തകര്‍ക്കുകയായിരുന്നു. കൂടാതെ വീട്ടിലുള്ളവര്‍ക്കെതിരെ വധഭീഷണി മുഴക്കുകയും ചെയ്തതായി വിജയകുമാരി അമ്മയും കുടുംബവും ആരോപിച്ചു.
ഇവര്‍ പറയുന്നതനുസരിച്ച് വിവാഹ സമയത്ത് 35 പവന്‍ സ്വര്‍ണ്ണമാണ് സ്ത്രീധനമായി സന്തോഷിനു നല്‍കിയത്. എന്നാല്‍ ഈ സ്വര്‍ണ്ണം മുക്കുപണ്ടമായിരുന്നുവെന്ന് ആരോപിച്ച് കൊണ്ട് യുവതിയുടെ ഭര്‍ത്താവ് സന്തോഷ് രംഗത്തെത്തുകയായിരുന്നു. യുവതി നിലവില്‍ സ്വന്തം വീട്ടിലാണ് കഴിയുന്നത്. വിദേശത്ത് നേഴ്സായിരുന്ന യുവതി പ്രസവത്തിനായി ആണ് ഭര്‍തൃ വീട്ടില്‍ നിന്ന് കുമാരനല്ലൂരിലെ വീട്ടില്‍ എത്തിയത്.
ഇപ്പോള്‍ ഇരുവരുടെയും കുട്ടിക്ക് 2 മാസം പ്രായമായി. ഇനിയും സ്വര്‍ണം ആവശ്യപ്പെട്ടാണ് സന്തോഷ് പ്രശ്നമുണ്ടാക്കുന്നതെന്ന് യുവതിയുടെ സഹോദരന്‍ അനന്തു പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് കോട്ടയം ഗാന്ധിനഗര്‍ പോലീസ് കേസെടുത്ത് അന്വേഷിച്ച് വരികയാണ്. സന്തോഷ് പാര്‍ട്ടി ബന്ധമുളളയാളാണെന്നും ഇവര്‍ പറയുന്നുണ്ട്. നിലവില്‍ കേസില്‍ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല