പത്തനംതിട്ട : രാഷ്ട്രീയനേട്ടത്തിനായി വിഭാഗീയതയും വര്‍ഗീയതയും പ്രോത്സാഹിപ്പിക്കുന്നവര്‍ക്കെതിരെ ജാഗരൂകരായിരിക്കണമെന്ന് ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ പ്രസ്താവിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭരണത്തില്‍ ഇന്ത്യയിലൊട്ടാകെ ന്യൂനപക്ഷങ്ങള്‍ക്കും ദളിത് ഭാഗങ്ങള്‍ക്കുമെതിരായ ആക്രമണങ്ങള്‍ വര്‍ദ്ധിച്ചിരിക്കുകയാണെന്നും ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു. ന്യനപക്ഷ കോണ്‍ഗ്രസ് ജില്ലാ പ്രവര്‍ത്തക സമ്മേളനം പത്തനംതിട്ട രാജീവ് ഭവനില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര, സംസ്ഥാന ഗവണ്‍മെന്‍റുകളുടെ വികലമായ നയങ്ങള്‍ വിലക്കയറ്റവും അരക്ഷിതാവസ്ഥയും സൃഷ്ടിക്കുന്നതായി അദ്ദേഹം പറഞ്ഞു. ജനങ്ങളെ ദ്രോഹിക്കുന്ന കാര്യത്തില്‍ കേന്ദ്ര, സംസ്ഥാന ഭരണ കൂടങ്ങള്‍ മത്സരിച്ച് പ്രവര്‍ത്തിക്കുകയാണെന്നും ജനരോക്ഷത്തില്‍ ധിക്കാര ഭരണ സംവിധാനങ്ങള്‍ തകര്‍ന്നടിയുമെന്നും അദ്ദേഹം പറഞ്ഞു.
ഉത്തര്‍പ്രദേശില്‍ നടന്ന വെടിവെപ്പില്‍ ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട ആളുകള്‍ കൊല്ലപ്പെട്ട സംഭവം വേദനാജനകമാണെന്നും ഡി.സി.സി പ്രസിഡന്‍റ് പറഞ്ഞു. ന്യനപക്ഷ കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ പ്രസിഡന്‍റ് ബാബു മാമ്പറ്റ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി സംഘടനാകാര്യ ജനറല്‍ സെക്രട്ടറി സാമുവല്‍ കിഴക്കുപുറം, ന്യൂനപക്ഷ വിഭാഗം സംസ്ഥാന നേതാക്കളായ അഡ്വ. ഷാജി കുളനട, അംജത് അടൂര്‍, റെജിമോന്‍ വെണ്ണിക്കുളം, ന്യൂനപക്ഷ കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി ജോസ് മാത്യൂസ് ഇടയാറന്മുള, ഇബ്രാഹിംകുട്ടി കോട്ടാങ്ങള്‍, മാത്യൂസ് വാളക്കുഴി, റജി വാര്യപുരം, അജി. പി. ജോര്‍ജ്, മുംതാസ് ഹബീബ് എന്നിവര്‍ പ്രസംഗിച്ചു.