ചെന്നൈ : കേരളത്തില്‍ നിന്നുള്ള ആശുപത്രി മാലിന്യം തമിഴ്നാട്ടിലെ ഗ്രാമത്തില്‍ തള്ളാന്‍ ശ്രമിച്ച ലോറി ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. തെങ്കാശി ജില്ലയിലെ ആലങ്കുളത്താണ് സംഭവം. തിരുവനന്തപുരത്തെ ഒരു ആശുപത്രിയില്‍ നിന്നുള്ള മാലിന്യമാണ് ലോറിയില്‍ കയറ്റി പുളിയറ ചെക്പോസ്റ്റ് വഴി തെങ്കാശിയിലേക്ക് കൊണ്ടുവന്നത്. വഴിയില്‍ വെച്ച് ഒരു കോഴിവളര്‍ത്തല്‍ കേന്ദ്രത്തില്‍ നിന്നുള്ള പാഴ് വസ്തുക്കളും ലോറിയില്‍ കയറ്റി. ആലങ്കുളത്തെ കരുവങ്കോട്ടയിലുള്ള സ്ഥലത്ത് കൂട്ടിയിട്ട് കത്തിക്കാന്‍ തുടങ്ങിയപ്പോള്‍ പോലീസ് പിടികൂടുകയായിരുന്നു.
നെട്ടൂര്‍ ബി.ഡി.ഒ. ഗംഗാധരന്‍റെ പരാതിയെത്തുടര്‍ന്ന് ലോറി ഡ്രൈവര്‍ എം. പാര്‍ഥിപരാജിനെ അറസ്റ്റു ചെയ്തു. ലോറിയുടമ സത്യവതിയ്ക്കും സ്ഥലമുടമ നല്ലവനും എതിരേ കേസെടുത്തിട്ടുണ്ട്. നല്ലവന്‍റെ അനുമതിയോടെയാണ് മാലിന്യം കൊണ്ടുവന്നതെന്ന് പോലീസ് പറഞ്ഞു. ഇതിനായി ഇയാള്‍ പണം വാങ്ങിയിരുന്നു.കേരളത്തില്‍ നിന്ന് ആശുപത്രി മാലിന്യം തമിഴ്നാട്ടിലെ ഗ്രാമങ്ങളിലെത്തിക്കുന്ന ഗൂഢ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ആലങ്കുളം നിവാസികള്‍ പറയുന്നു. ഇത് അവസാനിപ്പിക്കുന്നതിന് കേരള സര്‍ക്കാറുമായി തമിഴ്നാട് ചര്‍ച്ച നടത്തണമെന്ന ആവശ്യവും അവര്‍ ഉയര്‍ത്തിയിട്ടുണ്ട്.