പത്തനംതിട്ട: മാവേലിക്കരയിൽ കോളേജ് അധ്യാപകൻ മോശമായി പെരുമാറിയെന്ന കേസിൽ കൂടുതൽ ആരോപണങ്ങളുമായി ഗവേഷക വിദ്യാർഥിനി. പോലീസിൽ പരാതി കൊടുത്തതിന്റെ പേരിൽ പി.എച്ച്. ഡി പഠനം തന്നെ ഇല്ലാതാക്കാൻ അധ്യാപകൻ ശ്രമിക്കുന്നു. കേസ് അന്വേഷണത്തിൽ പോലീസ് അലംഭാവം കാട്ടുന്നു എന്നും പരാതിക്കാരി ആരോപിച്ചു. പി എച്ച് ഡി ഗൈഡ് ആയ അസിസ്റ്റൻറ് പ്രൊഫസർക്കെതിരെ ഗവേഷക വിദ്യാർഥിനി നൽകിയ പരാതിയിൽ മാവേലിക്കര പോലീസ് കേസെടുത്തിരുന്നു. ലൈംഗിക ചുവയോടെ സംസാരിക്കുക, സ്ത്രീത്വത്തെ അപമാനിക്കുക തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.
പോലീസ് കേസെടുത്തതിന് പിന്നാലെ അധ്യാപകൻ പ്രതികാര മനോഭാവത്തോടെ പെരുമാറുന്നു എന്ന് ആണ് വിദ്യാർഥിനി പറയുന്നത്. പലവിധ സമ്മർദ്ദങ്ങളിലൂടെ ഇതുവരെ നടത്തിയ ഗവേഷണം തന്നെ അപ്പാടെ ഇല്ലാതാക്കാൻ ശ്രമിക്കുന്നു. എഫ്ഐആർ രജിസ്റ്റർ ചെയ്തതല്ലാതെ പോലീസ് കൃത്യമായി കേസ് അന്വേഷിക്കുന്നില്ല. ഇതാണ് അധ്യാപകന് പ്രതികാര നടപടി ചെയ്യാൻ സഹായമാകുന്നതെന്നും വിദ്യാർത്ഥിനി പറയുന്നു. അതേസമയം വിശദമായ അന്വേഷണം നടക്കുന്നുണ്ടെന്നാണ് മാവേലിക്കര പോലീസ് പറയുന്നത്. സംഭവത്തിൽ കോളേജോ, ആരോപണ വിധേയനായ അധ്യാപകനോ ഇതുവരെ പ്രതികരിച്ചിട്ടില്ല.