ബത്തേരി : അച്ഛനെയും മകനെയും ട്രാവലറിലും ലോറിയിലുമായി തട്ടിക്കൊണ്ടുപോകാൻ ശ്രമം. പൊലീസ് ഇരുവരെയും രക്ഷപ്പെടുത്തി. എറണാംകുളം വണ്ടിപ്പേട്ട മാന്നുള്ളിയിൽ പുത്തൽപുരയിൽ വീട്ടിൽ ശ്രീഹരി (25), എടക്കാട്ടുവയൽ, മനേപറമ്പിൽ വീട്ടിൽ എം ആർ അനൂപ് (31), തിരുവാണിയൂർ ആനിക്കുടിയിൽ വീട്ടിൽ, എൽദോ വിൽസൺ (27), പെരീക്കാട്, വലിയവീട്ടിൽ, വി ജെ വിൻസെന്റ് (54), തിരുവാണിയൂർ, പൂപ്പള്ളി വീട്ടിൽ ജോസഫ്, ചോറ്റാനിക്കര, മൊതാലിൻ വീട്ടിൽ സനൽ സത്യൻ (27), കൊല്ലം, കുണ്ടറ സ്വദേശി രശ്മി നിവാസ്, രാഹുൽ (26), തിരുവന്തപുരം, വട്ടിയൂർക്കാവ്, കുട്ടൻതാഴത്ത് വീട്ടിൽ ശ്രീക്കുട്ടൻ (28) എന്നിവരെയാണ് ബത്തേരി പോലീസ് അറസ്റ്റ് ചെയ്തത്.
വെള്ളി രാത്രിയോടെ ശ്രീഹരി, അനൂപ്, രാഹുൽ, എൽദോ വിൽസൺ എന്നിവരെ ലോറിയുമായി താമരശേരി പോലീസിന്റെ സഹായത്തോടെ താമരശേരി ടൗണിൽനിന്ന്, വിൻസന്റ്, ജോസഫ്, ശ്രീക്കുട്ടൻ, സനൽ സത്യൻ എന്നിവരെ തൃപ്പുണിത്തറയിൽ നിന്നുമാണ് കസ്റ്റഡിയിലെടുത്തത്. അങ്ങാടിപ്പുറം സ്വദേശികളായ പിതാവും മകനും ഹൈദരാബാദിലേക്ക് ലോറിയിൽ ലോഡുമായി പോകവേയാണ് യുവാക്കൾ ട്രാവലറിൽ പിന്തുടർന്ന് വന്ന് കുപ്പാടി നിരപ്പം എന്ന സ്ഥലത്തുവച്ച് ബ്ലോക്കിട്ട് നിർത്തി ഇവരെ ട്രാവലറിലും ലോറിയിലുമായി തട്ടിക്കൊണ്ടുപോയത്. വാഹനം ഓടിച്ചിരുന്ന ഡ്രൈവറായ പിതാവിനെ ട്രാവലറിൽ കയറ്റിയും മകനെ ലോറിയിൽ കയറ്റിയുമാണ് കൊണ്ടുപോയത്. ലോറി ചുരത്തിൽ തകരാറിലായതിനെ തുടർന്ന് യുവാക്കൾ വെള്ളം കുടിക്കാൻ പോയ തക്കത്തിന് മകൻ പെട്ടിക്കടയിൽ സഹായമഭ്യർഥിക്കുകയും അവർ പോലീസിൽ അറിയിക്കുകയുമായിരുന്നു. സാമ്പത്തിക വിരോധമാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്നാണ് പോലീസ് പറയുന്നത്.